'സാമ്രാജ്യങ്ങൾ ഉണ്ടാക്കാൻ ഒരുപക്ഷേ എളുപ്പമാകും. പക്ഷേ അവ നടത്തിക്കൊണ്ടുപോകാനാണ് പാട്', കഫേ കോഫീ ഡേയുടെ ഉടമ വി ജി സിദ്ധാർത്ഥ മംഗലാപുരത്തെ നേത്രാവതി പാലത്തിൽനിന്ന് നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്ത സമയത്ത് നമ്മൾ ഏറ്റവും കൂടുതൽ കേട്ട പ്രയോഗമായിരിക്കും ഇത്. മരണശേഷവും സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഗ്‌ഡെ ആ സാമ്രാജ്യത്തെ ധീരമായി മുന്നോട്ടുകൊണ്ടുപോയെങ്കിലും, പഴയ സാമ്പത്തികപ്രതാപത്തിലേക്ക് കഫേ കോഫി ഡേ ഇനിയും എത്തിയിട്ടില്ല. മാത്രമല്ല, ഗുരുതരമായ നിയമപ്രതിസന്ധികൾ കഫേ കോഫീ ഡേയെ കാത്തിരിക്കുകയുമാണ്.
സിദ്ധാർത്ഥ മരണപ്പെടുമ്പോൾ കമ്പനി കടത്തിനുമേൽ കടം കയറി നിൽക്കുന്ന സമയമായിരുന്നു. ഏകദേശം 7000 കോടി രൂപയായിരുന്നു അന്ന് കമ്പനിയുടെ ബാധ്യത. എന്നാൽ സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഗ്‌ഡെ കമ്പനിയുടെ അധികാരസ്ഥാനത്തെത്തിയ ശേഷം, രണ്ട് വർഷങ്ങൾക്കിപ്പുറം കടം വെറും 460 കോടി രൂപയോളമായി കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഓഡിറ്റിങ്ങിലെ ചില പ്രശ്നങ്ങളും, നിയമ നൂലാമാലകളും മാളവിക ഹെഗ്‌ഡെയുടെ തലവേദന കൂട്ടുകയാണ്.
കഫേ കോഫി ഡേയുടെ മാതൃകമ്പനിയായ കോഫി ഡേ എന്റർപ്രൈസസ് ( സിഡിഇ ) ലിമിറ്റഡിനെതിരെ ഉണ്ടായ പാപ്പരത്ത നടപടിയാണ് അടുത്തിടെ കമ്പനി നേരിട്ട പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്ന്. 228.45 കോടി രൂപ കുടിശ്ശിക വരുത്തിയത് മൂലമായിരുന്നു ആ നടപടി. ഓഗസ്റ്റ് എട്ടിന് നാഷണൽ കമ്പനി ലോ ട്രിബ്യുണൽ സിഡിഇയ്ക്കെതിരെ പാപ്പരത്ത നടപടികൾക്ക് ഉത്തരവിട്ടിരുന്നെങ്കിലും ഓഗസ്റ്റ് 14ന് ഹെഗ്‌ഡെയുടെ ഹർജിയിൽ അവ സ്റ്റേ ചെയ്തിരുന്നു. എങ്കിലും കമ്പനിയുടെ സാമ്പത്തികസ്ഥിതിയിൽ വലിയ രീതിയിൽ ആശങ്കയുളവാകുന്ന നടപടിയായിരുന്നു ഈ നീക്കങ്ങൾ.
നഷ്ടത്തിലായ ഔട്ലെറ്റുകൾ പൂട്ടിയും മറ്റുമാണ് ഹെഗ്‌ഡെ കമ്പനിയെ ഒരുവഴിയെ ലാഭത്തിൽ കൊണ്ടുവന്നത്. എന്നാൽ കഫേ കോഫി ഡേ വലിയ രീതിയിൽ നിലനിൽപ്പ് പ്രതിസന്ധി നേരിടുന്നുവോ എന്ന ചോദ്യം കമ്പനിയുടെ കണക്കുകൾ തന്നെ ഉയർത്തുന്നുണ്ട്. 2024 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം 141 നഗരങ്ങളിൽ മാത്രമേ നിലവിൽ കമ്പനിക്ക് ഔട്ലെറ്റുകൾ ഉള്ളൂ. കഫേകളുടെ എണ്ണം 450 ആയി കുറയുകയും ചെയ്തു. എന്നാൽ ഓഫീസുകൾക്കും വിവിധ സ്ഥാപനങ്ങളിലേക്കും സപ്ലൈ ചെയുന്ന കോഫീ വെൻഡിങ് മെഷീനുകളിൽ വലിയ വർദ്ധന കമ്പനി ഉണ്ടാക്കിയിട്ടുണ്ട്. ഇത് കമ്പനി വലിയ നേട്ടമായാണ് ഉയർത്തിക്കാണിക്കുന്നത്.
ഇത്തരത്തിൽ കമ്പനിയുടെ സ്ഥിതി പുരോഗതിയിലാണ് എന്ന പ്രതീക്ഷ നിലനിൽക്കെയാണ് പൊടുന്നന്നെ ഈ പാപ്പരത്ത നടപടി വരുന്നത്. ഇനിയങ്ങോട്ട് ഈ നിയമനടപടികൾ, കടം കൈകാര്യം ചെയ്യുന്നതിലെ മികവ്, പുതിയ തന്ത്രങ്ങൾ തുടങ്ങിയവ കമ്പനിയുടെ ഭാവിയെ പരുവപ്പെടുത്തുമെന്നാണ് ബിസിനസ് മേഖലയിലുള്ളവരുടെ നിരീക്ഷണം.നിലവിൽ മാളവിക ഹെഗ്‌ഡെയുടെ നേതൃത്വത്തിൽ കമ്പനി പ്രവർത്തനം പണ്ടത്തേതിനേക്കാളും മെച്ചപ്പെടുത്തിയിട്ടുണ്ട്. നഷ്ടത്തിലായ ഔട്ലെറ്റുകൾ പൂട്ടുന്നതും, കൂടുതൽ പാർട്ണർഷിപ്പുകൾ നേടുന്നതും കമ്പനിയെ നല്ല രീതിയിൽ സഹായിക്കുമെന്ന് തന്നെയാണ് വിലയിരുത്തലുകളും.
കഫേ കോഫി ഡേ എന്ന ബ്രാൻഡിനെ അത്ര പെട്ടെന്ന് ജനങ്ങൾ കൈവിടില്ല എന്ന വിശ്വാസം നിക്ഷേപകർക്കും മാളവിക ഹെഗ്‌ഡെയ്ക്കുമുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രധാനപ്പെട്ട നഗരങ്ങളിലെ ഔട്ലെറ്റുകൾ വലിയ നഷ്ടമില്ലാതെ പോകുന്നത്. കമ്പനിയുടെ ജീവശ്വാസം കോർപ്പറേറ്റ് നഗരശൃംഖലകളാണ്. അവിടെയാണ് ഏറ്റവും കൂടുതൽ വിറ്റുവരവും രേഖപ്പെടുത്തുന്നത്. ഇത്തരം പോസിറ്റീവ് ഘടകങ്ങൾക്കിടെയാണ്, കടം കുറച്ചുകൊണ്ടുവന്ന് കമ്പനിയെ ഒരു വഴിയേ ഉയർത്തിക്കൊണ്ടുവരാനുള്ള മാളവിക ഹെഗ്‌ഡെയുടെ ശ്രമങ്ങൾക്ക് ഒരു തിരിച്ചടിയേൽക്കുന്നത്. പാപ്പരത്ത നടപടികളിലെ സ്റ്റേ ഒരു താത്കാലിക അനുഗ്രഹമാണെങ്കിലും, അതൊരു നീണ്ട കാല ആശ്വാസമല്ല. അതുകൊണ്ടുതന്നെ ഹെഗ്‌ഡെ എങ്ങനെ ഈ വെല്ലുവിളികൾ മറികടക്കും എന്നത് കമ്പനിയെ സംബന്ധിച്ച് പ്രധാനമായിരിക്കും.