തമിഴ്നാട്ടിലെ ഹൊസൂരിൽ പ്രവർത്തിക്കുന്ന ടാറ്റയുടെ ഐഫോൺ അസ്സംബ്ലിങ് ശാലയിലെ തീപിടുത്തം ആപ്പിളിനുണ്ടാക്കിയത് വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ടുകൾ. പ്രവർത്തനം പൂർണമായും നിർത്തിവെക്കപ്പെട്ടത് മൂലം തത്കാലത്തേക്കെങ്കിലും ഐഫോൺ സാമഗ്രികളുടെ നിർമാണം ചൈനയിലേക്ക് മാറ്റാനൊരുങ്ങുകയാണ് കമ്പനിയെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലെത്തന്നെ ആപ്പിളിന്റെ ഏറ്റവും പ്രശസ്തമായ അസ്സംബ്ലിങ് ശാലയാണ് ഹൊസൂരിലേത്. ടാറ്റാ ഇലക്ട്രോണിക്സിൻ്റെ കീഴിലുള്ള ഈ ഫാക്ടറി രാജ്യത്തുതന്നെ ഐഫോൺ നിർമാണത്തിൽ ഏറ്റവും കൂടുതൽ പ്രൊഡക്ഷൻ നടക്കുന്ന പ്ലാൻ്റാണ്. അടുപ്പിച്ചടിപ്പിച്ചുള്ള ആഘോഷമാസങ്ങൾ വരവായതോടെ ഐഫോൺ നിർമാണം വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കമ്പനി. ഇതിനിടെയാണ് തീപിടുത്തം ഉണ്ടായത്.
തീപിടുത്തമുണ്ടായതോടെ കമ്പനി പൂർണമായും പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ഇത് മൂലം ഇന്ത്യൻ വിപണിയിൽ ഏകദേശം 15 ശതമാനത്തോളം കുറവ് ഫോണുകളെ ഇറക്കാനാകുകയുള്ളൂ എന്നാണ് ആപ്പിളിന്റെ കണക്കുകൂട്ടൽ. ദീപാവലി, നവരാത്രി തുടങ്ങിയ പ്രധാനപ്പെട്ട ആഘോഷദിവസങ്ങൾ അടുത്തുവരവേ ഈ കുറവ് കമ്പനിയെ സാരമായി ബാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. അതിനാൽത്തന്നെ നിർമാണത്തിന് വേണ്ടിയുളള സാധനസാമഗ്രികൾക്ക് ചൈനയെ ആശ്രയിക്കാനാണ് കമ്പനിയുടെ തീരുമാനം.
എന്നാൽ നിലവിൽ ചൈനയെ ആശ്രയിക്കാൻ തീരുമാനിക്കുന്ന കമ്പനി എന്ന് ഇന്ത്യയിലെ പ്ലാന്റിലേക്ക് തിരിച്ചെത്തും എന്നതിൽ വ്യക്തതയില്ല. തീപിടുത്തത്തിൽ നശിച്ച പ്ലാന്റ് ഉടൻ പ്രവർത്തനക്ഷമമായില്ലെങ്കിൽ, നിരന്തരമായി പ്ലാന്റ് അടച്ചുപൂട്ടാനുള്ള തീരുമാനമുണ്ടായേക്കുമോ എന്ന ആശങ്ക തൊഴിലാളികൾക്കിടയിലുണ്ട്. എന്നാൽ ഇത് താത്കാലിക തീരുമാനമായിരിക്കുമെന്നും പ്ലാന്റ് പൂർവസ്ഥിതിയിലായാൽ ഉത്പാദനം തുടങ്ങാനാകുമെന്നുമാണ് പ്രതീക്ഷയെന്നും ബിസിനസ് മേഖലയിലെ വിദഗ്ധർ പറയുന്നു.