ഭക്ഷ്യ വിതരണ സ്ഥാപനമായ സ്വിഗ്ഗി ഐപിഒ (പ്രാരംഭ വിൽപന) വഴി 3,750 കോടി രൂപ (448.56 മില്യൺ ഡോളർ) സമാഹരിക്കാൻ ലക്ഷ്യമിടുന്നതായുള്ള വാർത്തകൾ വന്നിട്ട് അധികം ദിവസമായില്ല. എന്നാൽ വിവരം പുറത്തു വന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും വാർത്തകളിൽ നിറയുകയാണ് ഐപിഒ വിപണിയിലെ സ്വിഗ്ഗിയുടെ സാന്നിധ്യം. ദൈനംദിന നിക്ഷേപകർക്ക് മാത്രമല്ല ഇപ്പോഴിതാ സെലിബ്രിറ്റികൾ വരെ വരെ സ്വിഗ്ഗി പ്രാരംഭ വിൽപ്പനയിൽ പങ്കാളികളായിരിക്കുകയാണ്. ബോളിവുഡ് താരങ്ങൾ മുതൽ ക്രിക്കറ്റ് താരങ്ങൾ വരെയുള്ള സെലിബ്രിറ്റികൾ സ്വിഗ്ഗിയുടെ പ്രാരംഭ വിൽപ്പന പട്ടികയിലുണ്ട്. സ്വിഗ്ഗി ഫുഡ് ഡെലിവറിയുടെ വിജയവും ഉയർന്ന ജനസ്വീകാര്യതയുമെല്ലാം ഉപഭോക്താക്കളെന്ന നിലയിൽ മാത്രമല്ല നിക്ഷേപകരെന്ന നിലയിലും നിരവധി സെലിബ്രിറ്റികളുടെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വിഗിയുടെ ഐപിഒയുടെ ഒരു ഭാഗം ലഭിക്കാൻ അണിനിരന്നവരിലെ സെലബ്രൈറ്റി സാന്നിധ്യമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.
ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡ്, സഹീർ ഖാൻ, ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ, ബോളിവുഡ് ഐക്കണുകളായി അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, വ്യവസായിയായ റിതേഷ് മാലിക് എന്നിവരും സെക്കൻഡറി മാർക്കറ്റ് വഴി സ്വിഗ്ഗിയിൽ നിക്ഷേപം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 2,00,000 ഓഹരികൾ ഇതിനോടകം തന്നെ ഹൈ പ്രൊഫൈൽ നിക്ഷേപകർ ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫുഡ് ഡെലിവറി മേഖലയിലെ കമ്പനിയുടെ ഉയർച്ചയും, ദ്രുതഗതിയിലുള്ള വാണിജ്യവും, ഹൈപ്പർലോക്കൽ ലോജിസ്റ്റിക്സ് എന്നിവയിലേക്കുള്ള മാറ്റവുമെല്ലാം നിരവധി പേരെ ആകർഷിച്ചിരിക്കുകയാണ്.
നിലവിൽ ഐപിഒ വിപണി വഴി 10,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഒക്‌ടോബർ 3-ന് നടക്കുന്ന കമ്പനിയുടെ പൊതുയോഗത്തിലെ തീരുമാനത്തോടെ ഐപിഒയുടെ അന്തിമ വലുപ്പം 1,250 കോടി രൂപയായി വർദ്ധിച്ചേക്കാമെന്നാണ് റിപ്പോർട്ട്. ഇത് മൊത്തം 11,664 കോടി രൂപ അല്ലെങ്കിൽ 1.4 ബില്യൺ ഡോളറിലേക്ക് വരെ എത്തിയേക്കാമെന്നും വിലയിരുത്തലുകളുണ്ട്. കമ്പനിയുടെ വിജയം ആഗോള വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരെയും ആകർഷിച്ചിട്ടുണ്ട്. സോഫ്റ്റ്‌ബാങ്ക് വിഷൻ ഫണ്ട്, ആക്‌സൽ, പ്രോസസ് എന്നിവയുൾപ്പെടെ ആഗോള വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. വെഞ്ച്വർ നിക്ഷേപകരിൽ നിന്ന് സമാഹരിച്ച ഈ ഫണ്ടുകൾക്ക് പുറമേ, ഓഹരികൾ ട്രേഡ് ചെയ്യുന്ന സെക്കൻഡറി മാർക്കറ്റിൽ നിന്നും സ്വിഗ്ഗിയിലേക്ക് നിക്ഷേപം എത്തിയിട്ടുണ്ട്. മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ചെയർമാൻ രാംദേവ് അഗർവാൾ, ഓട്ടോമൊബൈൽ മെറ്റീരിയലുകളുടെ നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ കോമ്പോസിറ്റ്സ് എന്നിവരുൾപ്പെടെയുള്ള നിക്ഷേപകരുടെ താൽപ്പര്യവും വിപണിയിൽ കാണാൻ കഴിയുന്നുണ്ട്. ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിൽ നിക്ഷേപകരുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.