മുംബൈ: ഓഹരി വിപണിയില്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1200ലധികം പോയിന്റ് നഷ്ടം നേരിട്ടു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഒരു ഘട്ടത്തില്‍ 85,000 കടന്ന് മുന്നേറിയ സെന്‍സെക്സ് 83000 പോയിന്റിലേക്കാണ് താഴ്ന്നത്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ പോയി. പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഡെറിവേറ്റീവ് സെഗ്മെന്റില്‍ വരുത്തിയ മാറ്റങ്ങളുമാണ് വിപണിയെ സ്വാധീനിക്കുന്നതെന്നാണ് വിലയിരുത്തൽ.
മെറ്റല്‍ ഒഴികെയുള്ള 12 സെക്ടറുകളും നഷ്ടത്തിലാണ്. ഓട്ടോ, എണ്ണ, പ്രകൃതിവാതക, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഗ്രാസിം, എസ്ബിഐ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
അതേസമയം സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുകയാണ്. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് പത്തുരൂപയാണ് ഉയര്‍ന്നത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമാകുന്നത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ആഴ്ച മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുകയാണ്.