തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 66 ലക്ഷത്തിലേക്ക്. ആകെ 70 ലക്ഷം ടിക്കറ്റുകളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിലവില്‍ വില്‍പ്പനയ്ക്കായി നല്‍കിയത്. നാലരലക്ഷത്തോളം ടിക്കറ്റുകള്‍ മാത്രമാണ് ഇനി വിപണിയിലുള്ളത്. ഇനി രണ്ടുദിവസം മാത്രം ശേഷിക്കേ ഇതുമുഴുവന്‍ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജൻ്റിന് ഒരു കോടിയുമുള്‍പ്പെടെ 22 കോടീശ്വരന്മാര്‍ ഇത്തവണയുമുണ്ടാകും.50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ വില്‍പ്പനയ്ക്ക് എത്തിയത്.
ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും ഇതുവരെ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫീസുകളിലേതുള്‍പ്പെടെ 12,12,300 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 8,55,280 ടിക്കറ്റുകളുമായി തിരുവനന്തപുരവും 7,99,800 ടിക്കറ്റുകളുമായി തൃശൂരുമാണ് തൊട്ടുപിന്നില്‍. മറ്റു ജില്ലകളിലും ശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റുതീരും എന്ന നിലയിലേയ്ക്ക് വില്‍പ്പന പുരോഗമിക്കുകയാണ്.
Content Highlights: Thiruvonam bumper ticket sales updation