മുംബൈ: ഓഹരി വിപണി നേട്ടത്തില്‍. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 500 പോയിന്റ് മറികടന്ന് കുതിക്കുകയാണ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. വീണ്ടും 25,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് നിഫ്റ്റി. ആഗോള സാഹചര്യങ്ങളും ഇന്ത്യയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുമാണ് വിപണിയെ സ്വാധീനിക്കുന്നത്.
ഹരിയാനയില്‍ വീണ്ടും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന ഫല സൂചനകള്‍ വിപണിയില്‍ പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൂടാതെ ആറു ദിവസത്തെ ഇടിവിന് ശേഷം കുറഞ്ഞ വിലയ്ക്ക് ഓഹരി വാങ്ങാമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ ഒഴുകിയെത്തുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ആറുദിവസത്തിനിടെ നിക്ഷേപകര്‍ക്ക് ഏകദേശം 25 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.
റിയലന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. സെക്ടര്‍ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ മെറ്റല്‍, ഓട്ടോ, ഐടി, ഫാര്‍മ ഓഹരികള്‍ നഷ്ടം നേരിട്ടു.