തുടർച്ചയായ പത്താം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. ഇന്ന് ചേർന്ന പണനയ സമിതി യോഗമാണ് നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന തീരുമാനമെടുത്തത്.
പണപ്പെരുപ്പം ഉയർന്നേക്കുമെന്ന സൂചന മുൻനിർത്തിയാണ് റിപ്പോ നിരക്ക് ഉയർത്തേണ്ടെന്ന തീരുമാനത്തിലേക്ക് ആർബിഐ എത്തിയത്. ഉപഭോക്തൃ വിലസൂചിക അനുസരിച്ചുള്ള ഓഗസ്റ്റിലെ പണപ്പെരുപ്പം നിയന്ത്രണത്തിലാണെങ്കിലും ഭക്ഷ്യവിലപ്പെരുപ്പം 5 ശതമാനത്തിന് മുകളിൽ തുടരുകയാണ്. സെപ്റ്റംബറിൽ ഇവ പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്ന അനുമാനത്തിലാണ് റിപ്പോ നിരക്കിൽ ആർബിഐ തൊടാത്തത്. അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തിലേക്കുള്ള വളർച്ചാ അനുമാനം 7.2% ആയി തുടരും.
2023 ഫെബ്രുവരിയിൽ ആർബിഐ നിശ്ചയിച്ച റിപ്പോ നിരക്കാണ് ഇപ്പോഴും തുടരുന്നത്. അന്ന് 6.25% ആയിരുന്ന നിരക്ക് പിന്നീട് 6.50% ശതമാനമായി ആർബിഐ ഉയർത്തി. നേരത്തെ നാല് വർഷത്തിന് ശേഷം യുഎസ് ഫെഡറൽ റിസർവ് തങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം കുറച്ചതോടെ ആർബിഐയും നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പണപ്പെരുപ്പ ഭീഷണി നിലനിൽക്കെ അത്തരമൊരു 'കടന്ന കൈ' വേണ്ടെന്ന ഒരു നിലപാടിലേക്കാണ് ആർബിഐ എത്തിയത്.
Content Highlights: RBI keeps repo rate unchanged for the tenth consecutive time