17,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി ബോയിംഗ്. ഇതോടെ ബോയിംഗിൻ്റെ 777X ജെറ്റ് വിതരണം ഒരു വർഷംവരെ വൈകിയേക്കുമെന്നാണ് റിപ്പോർട്ട്. 2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ കമ്പനിക്ക് ഏതാണ്ട് അഞ്ച് ബില്യൺ ഡോളർ നഷ്ടമുണ്ടാകുമെന്നാണ് നിഗമനം. കഴിഞ്ഞ ഒരുമാസമായി തുടരുന്ന പണിമുടക്കാണ് ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പ്രധാന കാരണം.
33,000 യുഎസ് വെസ്റ്റ് കോസ്റ്റ് തൊഴിലാളികൾ നടത്തുന്ന പണിമുടക്കിനെത്തുടർന്ന് 737 മാക്സ്, 767, 777 ജെറ്റുകളുടെ ഉത്പാദനം നിർത്തിവെച്ചിരിക്കുകയാണ്. കമ്പനിയുടെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ പരിഗണിച്ച് തൊഴിലാളികളെ ചുരുക്കുമെന്നാണ് ബോയിംഗ് സിഇഒ കെല്ലി ഓർട്ട്ബെർഗ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.
"ഞങ്ങളുടെ സാമ്പത്തിക യാഥാർത്ഥ്യവുമായി ചേർന്നുപോകാനും കൂടുതൽ മുൻഗണനകളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കാനും ഞങ്ങൾ തൊഴിൽ നില പുനഃസജ്ജീകരിക്കും. വരും മാസങ്ങളിൽ മൊത്തം തൊഴിലാളികളുടെ വലുപ്പം ഏകദേശം 10 ശതമാനം കുറയ്ക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഇതിൽ എക്സിക്യൂട്ടീവുകളും മാനേജർമാരും ഉൾപ്പെടുന്നു', എന്നായിരുന്നു ഓർട്ട്ബെർഗിൻ്റെ സന്ദേശം. തൊഴിൽ വെട്ടിക്കുറച്ചതിൻ്റെ പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ പ്രഖ്യാപിച്ച ശമ്പളമുള്ള ജീവനക്കാർക്കുള്ള ഫർലോ പ്രോഗ്രാം അവസാനിപ്പിക്കുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 'ഞങ്ങളുടെ ബിസിനസ്സ് സമീപകാലത്ത് വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ ഭാവിക്കായി ഞങ്ങൾ സുപ്രധാനവും തന്ത്രപരവുമായ തീരുമാനങ്ങൾ എടുക്കുന്നു. ഞങ്ങളുടെ കമ്പനിയെ പുനഃസ്ഥാപിക്കുന്നതിനായി ചെയ്യേണ്ടതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും' ഓർട്ട്ബെർഗ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
777Xൻ്റെ ലോഞ്ചിങ് വൈകുന്നതാണ് നിലവിൽ ബോയിംഗ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2026ഓടെ 777X വിപണനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നാണ് ഓർട്ട്ബെർഗ് വ്യക്തമാക്കുന്നത്. 777Xൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബോയിംഗ് നേരിടുന്ന വെല്ലുവിളികളാണ് ലോഞ്ചിംഗ് വൈകിക്കുന്നതെന്നാണ് റിപ്പോർട്ട്. സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ലോഞ്ചിംഗിന് തടസ്സമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
സെപ്തംബർ 13ന് പണിമുടക്ക് ആരംഭിച്ചതോടെ ബോയിംഗിലെ പ്രതിസന്ധികൾ രൂക്ഷമാകുകയായിരുന്നു. ഈ മാസം ജനുവരിയിൽ പുതിയ പ്ലെയിനിലെ മിഡ്-എയർ പാനൽ പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിൽ നിന്നും പൂർണ്ണമായി കരകയറാൻ ബോയിംഗിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. സ്റ്റോക്ക്, ഇക്വിറ്റി പോലുള്ള സെക്യൂരിറ്റികളുടെ വിൽപ്പനയിലൂടെ കോടിക്കണക്കിന് ഡോളർ സമാഹരിക്കുന്നതിനുള്ള സാധ്യതകൾ ബോയിംഗ് പരിശോധിക്കുന്നതായി നേരത്തെ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlight: Boeing to cut 17,000 jobs as losses deepen amid factory strike