ഇനി നരിമാൻ പോയിൻ്റിൽ തൊട്ടാൽ പൊള്ളും; 2030ഓടെ വാടക ഇരട്ടിയാകുമെന്ന് റിപ്പോർട്ട്

നിലവിൽ നരിമാൻ പോയിൻ്റിലെ ഓഫീസ് വാടക സ്‌ക്വയർ ഫീറ്റിന് 569 രൂപയാണ്, 2018 മുതലുള്ള കണക്ക് പരിശോധിച്ചാൽ 52 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്

dot image

മുബൈയുടെ വാണിജ്യ ​ജില്ലയായ നരിമാൻ പോയിൻ്റിൽ സ്ഥലം വാങ്ങാനോ വാടകക്ക് സ്ഥലം കിട്ടാനോ പെടാപാട് പെടണം. തൊട്ടാൽ പൊള്ളുന്ന വിലയുമായി മുന്നേറുകയാണ് നരിമാൻ പോയിൻ്റ. ഇതാ ഇപ്പോൾ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി നൈറ്റ് ഫ്രാങ്കിൻ്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, നരിമാൻ പോയിൻ്റിലെ ഓഫീസ് വാടക 2030 ഓടെ ഏകദേശം ഇരട്ടിയാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇവിടുത്തെ ഓഫീസ് വാടകകൾ കുത്തനെ ഉയരുമെന്നാണ് പ്രവചനം. 2030 ഓടെ, പ്രദേശത്തെ പ്രീമിയം ഓഫീസ് സ്ഥലത്തിനുള്ള ഡിമാൻഡുകൾ വർദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ നരിമാൻ പോയിൻ്റിലെ ഓഫീസ് വാടക സ്‌ക്വയർ ഫീറ്റിന് 569 രൂപയാണ്. 2018 മുതലുള്ള കണക്ക് പരിശോധിച്ചാൽ വാടകയിൽ 52 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.

2000ത്തിൻ്റെ തുടക്കത്തിൽ നരിമാൻ പോയിൻ്റ് മുംബൈയിലെ പ്രധാന ബിസിനസ്സ് ഹബ്ബായിരുന്നു. 2003-ൽ ചതുരശ്ര അടിക്ക് 200 രൂപയായിരുന്നു വാടക. എന്നാൽ 2007-ൽ ചതുരശ്ര അടിക്ക് 550 രൂപയായി ഇത് ഉയർന്നു. പിന്നീട് ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പിന്നീട് ഓഫീസ് വാടക 2012-ൽ ചതുരശ്ര അടിക്ക് 402 രൂപയായി കുറഞ്ഞിരുന്നു. 2024-ൻ്റെ ആദ്യ പകുതിയോടെ നരിമാൻ പോയിൻ്റിലെ ഏറ്റവും ഉയർന്ന വാടക നിരക്ക് ഒരു ചതുരശ്ര അടിക്ക് 569 രൂപയായി ഉയരുകയായിരുന്നു, ഇത് ബെംഗളൂരുവിലെയും ഡൽഹി എൻസിആറിലെയും വാടക നിരക്കുകളേക്കാൾ കൂടുതലാണ്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ശക്തമായ പാർപ്പിട വിപണിയും ചേർന്ന് നരിമാൻ പോയിൻ്റിൽ നിക്ഷേപകർക്കും ബിസിനസുകൾക്കും ഒരുപോലെ അനുയോജ്യമായ സ്ഥലമാണ്.

അടിസ്ഥാന സൗകര്യങ്ങൾ ല​ഭിക്കുന്നതും സാമ്പത്തിക വളർച്ച തുടരുന്നതുമായ ഇടമായതിനാൽ കൂടുതൽ കമ്പനികൾ ഈ മേഖല തിരഞ്ഞെടുത്തേക്കാം. നരിമാൻ പോയിൻ്റിൻ്റെ കണക്റ്റിവിറ്റിയും ആകർഷകത്വവും വർധിപ്പിക്കുന്നത് അവിടുത്തെ വികസന പദ്ധതികളാണ്. ഇത് തന്നെയാണ് നരിമാൻ പോയിൻ്റിനെ ബിസിനസുകൾക്കും നിക്ഷേപകർക്കും ആകർഷകമായ സ്ഥലമാക്കി മാറ്റുന്നത്. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി നൈറ്റ് ഫ്രാങ്കിൻ്റെ പുതിയ റിപ്പോർട്ടിലാണ് ഈ സാധ്യതകളെ പറ്റി കണ്ടെത്തിയത്.

dot image
To advertise here,contact us
dot image