ഒലയ്ക്ക് നേരെ വടിയെടുത്ത് സിസിപിഎ; ഉപഭോക്തൃ സൗഹൃദ മാറ്റങ്ങൾ വരുത്തണമെന്ന് നിർദ്ദേശം

സിസിപിഎയുടെ ഇടപെടലിന് പിന്നാലെ നിരവധി മാറ്റങ്ങൾ ഒല നടപ്പിലാക്കിയിട്ടുണ്ട്

dot image

ഉപഭോക്തൃ സൗഹൃദ മാറ്റങ്ങൾ വരുത്താൻ ഒലയോട് നിർദ്ദേശിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ). റീഫണ്ട് ഓപ്ഷൻ, ഓട്ടോ റൈഡുകൾക്ക് രസീത് തുടങ്ങിയ ഉപഭോക്തൃ സൗഹൃദ മാറ്റങ്ങൾ വരുത്തണമെന്നാണ് നിർദ്ദേശം. ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് വഴി റീഫണ്ടുകൾക്കുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാൻ അവസരം നൽകാതെ പിന്നീടുള്ള ഓട്ടത്തിനായി കൂപ്പണുകൾ നൽകുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് സിസിപിഎ ചൂണ്ടിക്കാണിച്ചു. റീഫണ്ട് ഓപ്ഷൻ നൽകാതെ കൂപ്പണുകൾ നൽകുന്നതോടെ ഒല മറ്റൊരു യാത്രയ്ക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുവെന്നും സിസിപിഎ നിരീക്ഷിച്ചു.

ഒല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്ത എല്ലാ യാത്രകൾക്കും ബില്ലുകളോ ഇൻവോയ്സുകളോ നൽകാനും സിസിപിഎ ഒലയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം രേഖകൾ നൽകാത്തത് കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്, 2019 പ്രകാരം'അന്യായമായ വ്യാപാര സമ്പ്രദായം' ആണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

സിസിപിഎയുടെ ഇടപെടലിന് പിന്നാലെ നിരവധി മാറ്റങ്ങൾ ഒല നടപ്പിലാക്കിയിട്ടുണ്ട്. പരാതികളുടെയും നോഡൽ ഓഫീസർമാരുടെ കോൺടാക്റ്റ് വിവരങ്ങളുടെ വിശദാംശങ്ങളും അതിൻ്റെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കാൻ ഒല തയ്യാറായിട്ടുണ്ട്. ബുക്കിംഗ് സമയത്ത് തന്നെ റദ്ദാക്കൽ നയങ്ങളും ഫീസും വ്യക്തമായി പരാമർശിക്കുക, റൈഡ് റദ്ദാക്കുന്നതിനുള്ള കാരണങ്ങൾക്കായി കൂടുതൽ ഓപ്‌ഷനുകൾ ചേർക്കുക തുടങ്ങിയ മാറ്റങ്ങളും ഒല നടപ്പിലാക്കിയിട്ടുണ്ട്.

പുതിയ മാറ്റപ്രകാരം ഡ്രൈവർമാർക്ക് പിക്കപ്പ്, ഡ്രോപ്പ് ലൊക്കേഷനുകളുടെ വിലാസം കാണിക്കും. ഡ്രൈവർമാർക്കുള്ള പുതുക്കിയ പേയ്‌മെൻ്റ് സൈക്കിളുകൾ സ്വിഫ്റ്റ് പേയ്‌മെൻ്റായി കാണിക്കുകയും ചെയ്തിട്ടുണ്ട്. ഓലയ്‌ക്കെതിരെ 2024 ജനുവരി മുതൽ ഒക്‌ടോബർ വരെ 2,061 പരാതികളാണ് സിസിപിഎയ്ക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമിത നിരക്ക് ഈടാക്കൽ, റീഫണ്ട് കാലതാമസം, ഡ്രൈവറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടക്കം നിരവധി വിഷയങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു പരാതികൾ. ഉപഭോക്താക്കളുടെ അവകാശങ്ങൾ സുരക്ഷിതമാക്കാൻ വ്യവസ്ഥാപിതമായ നിയമചട്ടക്കൂട് ഒല പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട ഇടപെടലുകളും നിയന്ത്രണങ്ങളും നടപ്പിലാക്കുമെന്നാണ് സിസിപിഎ പറയുന്നത്. അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ്, റൈഡ്-ഹെയ്‌ലിംഗ് മേഖലകളിലെ ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ സൂക്ഷ്മപരിശോധന സിസിപിഎ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഒലയ്ക്കെതിരായി കർശനമായ നിലപാടുകൾ സ്വീകരിക്കപ്പെട്ടിരിക്കുന്നത്.

Content Highlights: The Central Consumer Protection Authority has directed Ola to implement consumer-friendly changes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us