2024 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ പിവിആർ ഐനോക്‌സിന് 11.8 കോടി രൂപയുടെ അറ്റനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ₹166.3 കോടി ലാഭമാണ് ഉണ്ടായിരുന്നത്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ വരുമാനം 1622.1 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ഇത് മുൻ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിലെ വരുമാനമായ ₹1,999.9 കോടിയിൽ നിന്ന് ഏകദേശം 19 ശതമാനം കുറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം 1,663.9 കോടി രൂപയാണ്. എന്നാൽ, ഇത് മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 2,023.7 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഏകീകൃത വരുമാനത്തിൽ 18 ശതമാനം കുറവ് സംഭവിച്ചതായാണ് റിപ്പോർട്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ചെലവ് 1,678.6 കോടി രൂപയാണ്. എന്നാൽ മുൻ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിലെ ചെലവായ 1802 കോടിയിൽ നിന്ന് 6.8 ശതമാനത്തിൻ്റെ കുറവ് ചെലവിൽ ഉണ്ടായിട്ടുണ്ട്.
രണ്ടാം പാദത്തിലെ കണക്കുകൾ പുറത്ത് വന്നതിന് ശേഷം പിവിആർ ഐനോക്‌സിൻ്റെ ഓഹരി വില നേരിയ തോതിൽ ഉയർന്നതായാണ് റിപ്പോർട്ട്. ഇന്നലെ വ്യാപാരം ഉച്ചപിന്നിടുമ്പോൾ പിവിആർ ഐനോക്‌സിൻ്റെ ഓഹരി വില ബിഎസ്ഇയിൽ 1.97% ഉയർന്ന് 1,618.05 രൂപ എന്ന നിലയിലാണ് വ്യാപാരം നടന്നത്.
സെപ്റ്റംബർ പാദത്തിൽ പിവിആർ മൾട്ടിപ്ലക്സുകളിൽ 38.8 ദശലക്ഷം ആളുകളാണ് ടിക്കറ്റെടുത്തതായാണ് എക്സ്ചേഞ്ച് ഫയലിങ്ങ് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ശരാശരി ടിക്കറ്റ് നിരക്ക് 257 രൂപയും ഭക്ഷണ പാനീയങ്ങൾക്ക് ഒരാൾക്കുള്ള ചെലവ് രൂപയുമാണ്. 10 പ്രോപ്പർട്ടികളിലായി 71 പുതിയ സ്‌ക്രീൻ ഓപ്പണിംഗുകൾ പുതിയതായി ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. നിലവിൽ 111 നഗരങ്ങളിലായി 1,747 സ്‌ക്രീനുകളുള്ള 356 സിനിമാശാലകൾ പിവിആർ ഐനോക്‌സ് നടത്തുന്നുണ്ട്.
'പുത്തൻ ബ്ലോക്ക്ബസ്റ്ററുകളെ നൊസ്റ്റാൾജിക് റീറിലീസുകളുമായി സംയോജിപ്പിക്കുക എന്ന ഞങ്ങളുടെ തന്ത്രം പ്രേക്ഷകരെ ശക്തമായി സ്വാധീനിച്ചു. ഈ പാദത്തിലെ കണക്കുകൾ മൾട്ടിപ്ലക്‌സ് വ്യവസായത്തിലെ മുൻനിരക്കാരെന്ന നിലയിലുള്ള ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു,” പിവിആർ ഐനോക്‌സ് മാനേജിംഗ് ഡയറക്ടർ അജയ് ബിജിലിയെ ഉദ്ധരിച്ച് മിൻ്റ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ വിശാൽ കശ്യപ് മഹാദേവിയയെ അഡീഷണൽ ഡയറക്ടറായി ഡയറക്ടർ ബോർഡ് അംഗീകരിക്കുകയും 2024 ഒക്ടോബർ 22 മുതൽ അഞ്ച് വർഷത്തേക്ക് കമ്പനിയുടെ ബോർഡിൽ ഒരു സ്വതന്ത്ര ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.
Content Highlights: PVR Inox reported a consolidated net loss for the quarter ended September 30