ഇന്ത്യയിലെ 'എസി'കൾക്ക് മാത്രമുള്ള വൈദ്യുതി മതി 2035ൽ മെക്സിക്കോയുടെ മൊത്തം ഉപഭോഗത്തിന്; റിപ്പോർട്ട്

രാജ്യത്തെ മിഡിൽ ക്ലാസിനിടയിൽ നഗരവത്കരണം വർധിക്കുന്നതിന് സൂചനയായാണ് ഈ 'എസി' ഉപോഭോഗത്തെ റിപ്പോർട്ട് കാണുന്നത്.

dot image

ഇന്ത്യയുടെ ഊർജ ഉപഭോഗം റെക്കോർഡ് വേഗത്തിൽ വർധിക്കുകയാണെന്ന് റിപ്പോർട്ട്. ഇങ്ങനെ പോകുകയാണെങ്കിൽ 2035ൽ ഇന്ത്യയിൽ എസി പ്രവർത്തിക്കാൻ വേണ്ടിവരുന്ന വൈദ്യുതി ഉപഭോഗം മെക്സിക്കോയുടെ മൊത്തം വൈദ്യുതി ഉപഭോഗത്തെ മറികടക്കുമെന്നും റിപ്പോർട്ട്. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ടിലാണ് രാജ്യത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗത്തെക്കുറിച്ചുള്ള ഈ പരാമർശമുള്ളത്.

2028ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി വളരാൻ ലക്ഷ്യമിടുന്ന ഇന്ത്യയിൽ, എല്ലാ മേഖലയിലും നിലവിൽ വൈദ്യുതി ഉപഭോഗം കൂടുതലാണ്. അടുത്ത ദശാബ്ദത്തിൽ ഏറ്റവും കൂടുതൽ ഊർജം ആവശ്യമുള്ള രാജ്യമായി ഇന്ത്യ മാറും. കൽക്കരി, പെട്രോൾ, ഗ്യാസ്, വൈദ്യുതി എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യ ഒരു പ്രധാനപ്പെട്ട ഉപഭോക്താവായി മാറും. ഇതോടെ രാജ്യത്തെ വൈദ്യുതി ഉപഭോഗവും കുതിച്ചുയരുമെന്നുമാണ് റിപ്പോർട്ടിലുള്ളത്.

വരും വർഷങ്ങളിൽ രാജ്യത്ത് എയർ കണ്ടീഷണറുകളുടെ ഉപഭോഗവും വർധിക്കുമെന്ന് റിപ്പോർട്ടിലുണ്ട്. ഇവയിലൂടെ മാത്രം നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് മെക്സിക്കോയുടെ മൊത്തം വൈദ്യുതി ഉപഭോഗത്തെ മറികടക്കുമെന്ന അതിശയകരമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. രാജ്യത്തെ മിഡിൽ ക്ലാസിനിടയിൽ നഗരവത്കരണം വർധിക്കുന്നതിന് സൂചനയായാണ് ഈ 'എസി' ഉപോഭോഗത്തെ റിപ്പോർട്ട് കാണുന്നത്.

വരും വർഷങ്ങളിൽ എണ്ണ ഉപഭോഗത്തിലും ഇന്ത്യ മുന്നേറുമെന്നും റിപ്പോർട്ട് പറയുന്നു. 2035ഓടെ ഒരു ദിവസം 2 മില്യൺ ബാരൽ എന്ന കണക്കെ ഉപഭോഗം ഉയർന്നേക്കും. അതേസമയത്ത്, കൽക്കരി രാജ്യത്തിന്റെ പ്രധാനപ്പെട്ട ഊർജസ്രോതസ്സായി നിലനിൽക്കും.

കൽക്കരിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ പ്രധാനപ്പെട്ട മേഖലയായ സ്റ്റീൽ ഉത്പാദനമേഖലയിലും 70%ത്തോളം വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു. കൂടാതെ സിമന്റ് ഉത്പാദനമേഖലയിൽ 55%ത്തോളം വളർച്ചയുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്. ഇങ്ങനെയെല്ലാമിരിക്കെ, ഇന്ത്യ കാർബൺ പുറന്തള്ളൽ കുറയ്ക്കാനായുള്ള പ്രതിജ്ഞ എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയുയർന്നിട്ടുണ്ട്. എന്നാൽ 2030ഓടെ ഊർജ്ജശേഖരത്തിൻ്റെ കാര്യത്തിൽ ലോകത്തിലെത്തന്നെ മൂന്നാമത്തെ മികച്ച ബാറ്ററി സ്റ്റോറേജുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനാൽ ആ ആശങ്ക ഒഴിയുമെന്നാണ് പ്രതീക്ഷ.

Content Highlights: AC Alone in India will consume more energy than entire mexico

dot image
To advertise here,contact us
dot image