രത്തൻ ടാറ്റയുടെ വിൽപത്രം നടപ്പിലാക്കേണ്ടത് നാല് വിശ്വസ്തർ

മരണത്തിന് മുൻപ് തയ്യാറാക്കിയ തന്റെ വിൽപത്രം നടപ്പിലാക്കാൻ രത്തൻ ടാറ്റ ഏൽപ്പിച്ചത് അഭിഭാഷകനെയും സുഹൃത്തിനെയും അർദ്ധ സഹോദരിമാരെയും

dot image

മരണത്തിന് മുൻപ് തയ്യാറാക്കിയ തന്റെ വിൽപത്രം നടപ്പിലാക്കാൻ രത്തൻ ടാറ്റ ഏൽപ്പിച്ചത് നാല് പേരെ. സുഹൃത്തും അഭിഭാഷകനും അർദ്ധ സഹോദരിമാരും അടക്കമുള്ള നാല് പേർക്കാണ് വില്പത്രത്തിലെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള ചുമതല. രത്തൻ ടാറ്റയുടെ അഭിഭാഷകൻ ദാരിയസ് കമ്പാറ്റ, നീണ്ട കാല സുഹൃത്തും സഹപ്രവർത്തകനായ മെഹ്‍ലി മിസ്ത്രി, അർദ്ധ സഹോദരിമാരായ ഷിറീൻ, ഡിയെന്ന ജെജിബോയ് എന്നിവർക്കാണ് ചുമതല. ഇവരിൽ മെഹ്‍ലി മിസ്ത്രി രത്തൻ ടാറ്റയുടെ ഉറ്റ സുഹൃത്തും, ടാറ്റായുടെത്തന്നെ സർ ദോർബാജി ട്രസ്റ്റിന്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയുമാണ്. ഇവ രണ്ടും ഉൾപ്പെടുന്ന ടാറ്റ ട്രസ്റ്റുകളുടെ പക്കലാണ് മൊത്തം കമ്പനിയുടെ 66 ശതമാനത്തോളം ഓഹരികൾ ഉള്ളത്.

രത്തൻ ടാറ്റയുടെ അർദ്ധസഹോദരിമാരായ ഷിറീൻ, ഡിയെന്ന ജെജിബോയ് എന്നിവരും ടാറ്റയുടെ വിവിധ ട്രസ്റ്റുകളിൽ ബോർഡ് അംഗങ്ങളായിരുന്നവരാണ്. രത്തന് ഇവരുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അഭിഭാഷകനായ ദാരിയസ് കമ്പാറ്റയുടെ നേതൃത്വത്തിലായിരുന്നു രത്തൻ ടാറ്റ തന്റെ വിൽപത്രം തയ്യാറാക്കിയത്. കമ്പാറ്റയും ടാറ്റയുടെ ട്രസ്റ്റുകളിൽ ട്രസ്റ്റിയാണ്. അസുഖബാധിതനായി മുംബൈയിൽ ചികിത്സയിലായിരുന്നു ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനും കൂടിയായ രത്തൻ ടാറ്റ ഒക്ടോബർ 9നാണ് അന്തരിച്ചത്. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയായ അദ്ദേഹത്തെ രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചിട്ടുണ്ട്.

ടാറ്റയുടെ വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടര്‍ത്തിയ വ്യവസായി, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്‍, ഉപ്പ് മുതൽ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പർശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവച്ച കച്ചവടക്കാരന്‍, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്‍ത്തിപ്പിടിച്ച ഒറ്റയാന്‍ എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ് രത്തൻ നേവൽ ടാറ്റ.

Content Highlights: four people named to execute ratan tatas will

dot image
To advertise here,contact us
dot image