നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ആശിർവാദ് മൈക്രോഫിനാൻസിനെതിരെ ആർബിഐ നടപടിയെടുത്തതോടെ മണപ്പുറം ഫിനാൻസിന്റെ ഓഹരികളിൽ ഇടിവ്. 15%ത്തോളം ഇടിവാണ് മണപ്പുറം ഫിനാൻസിന്റെ ഓഹരികളിൽ ഉണ്ടായത്.
മണപ്പുറം ഫിനാൻസിനായി വരുമാനം കുറവുള്ള സ്ത്രീകൾക്ക് മൈക്രോഫിനാൻസ് ലോണുകൾ അനുവദിക്കുന്നത് ആശിർവാദ് മൈക്രോഫിനാൻസ് എന്ന സബ്സിഡിയറി കമ്പനിയാണ്. നിർദേശങ്ങൾ കൃത്യമായി പിന്തുടരാത്തതിന്റെ പേരിൽ ആർബിഐ ഇവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ലോണുകൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും നിർത്തിവെക്കാനാണ് ആർബിഐ നിർദേശം. ആശിർവാദിനൊപ്പം നാല് കമ്പനികൾക്ക് കൂടി ആർബിഐയുടെ വിലക്കുണ്ട്.
മണപ്പുറം ഫിനാൻസിന്റെ മൊത്ത വരുമാനത്തിന്റെ 27 ശതമാനവും സംഭാവന ചെയ്യുന്നത് ആശിർവാദ് മൈക്രോഫിനാൻസാണ്. ഈ നടപടിയോടെ മണപ്പുറം ഫിനാൻസിന് തരംതാഴ്ത്തൽ ഭീഷണിയുമുണ്ട്. നിലവിൽ അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ ജെഫ്‌റീസ് മണപ്പുറത്തിന്റെ ഓഹരികളെ "ഹോൾഡ്" ആയി തരംതാഴ്ത്തിയിട്ടുണ്ട്.
ആശിർവാദിൽ മൈക്രോഫിനാൻസ് വായ്പകൾ തകരാറിലാവുകയും കുടിശ്ശിക ഉയരുകയും ചെയ്താൽ അതിൻ്റെ അനുബന്ധ സ്ഥാപനത്തിൽ മണപ്പുറം ഫിനാൻസിന് മൂലധനം നിക്ഷേപിക്കേണ്ടിവരുമെന്നാണ് ജെഫ്‌റീസ് കരുതുന്നത്. ഇത് കമ്പനിയുടെ വരുമാനത്തെയും ബാധിച്ചേക്കും.