എതിരാളിയായ സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചതിന് പിന്നാലെ സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചു. സൊമാറ്റോയുടേത് പോലെ 10 രൂപയായാണ് സ്വിഗ്ഗി തങ്ങളുടെ പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചത്. ആപ്പിൽ വർധനവ് എഴുതിക്കാണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഈടാക്കിത്തുടങ്ങിയിട്ടില്ല.
നേരത്തെ സൊമാറ്റോയാണ് ആദ്യം പ്ലാറ്റ്‌ഫോം ഫീസ് വർധനവുമായി രംഗത്തെത്തിയത്. രാജ്യമെങ്ങും ദീപാവലി ആഘോഷിക്കാനിരിക്കെയാണ് ആറ് രൂപയായിരുന്ന പ്ലാറ്റ്‌ഫോം ഫീ 10 രൂപയാക്കി വർധിപ്പിച്ചത്. ഇതേ സംബന്ധിച്ച് സോമാറ്റോ പറയുന്നത് ഇങ്ങനെയാണ്;' ഈ ഫെസ്റ്റിവൽ സീസണിൽ ഞങ്ങളുടെ ബില്ലുകൾ അടയ്ക്കാൻ ഈ ഫീ സഹായിക്കും. ഈ സമയത്ത് നിങ്ങൾക്കുള്ള സേവനങ്ങൾ തെറ്റാതെ നടക്കാൻ ഞങ്ങൾ പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിക്കുകയാണ്' എന്നാണ്.
2023 ഓഗസ്റ്റിലാണ് സൊമാറ്റോ ആദ്യമായി പ്ലാറ്റ്‌ഫോം ഫീസ് അവതരിപ്പിച്ചത്. അന്ന് 2 രൂപയായിരുന്നു ഫീസ്. പിന്നീട് ഘട്ടം ഘട്ടമായി അവ വർധിപ്പിച്ച് കഴിഞ്ഞ വർഷം 8 രൂപയാക്കിയിരുന്നു. ശേഷമാണ് ഫെസ്റ്റിവൽ സ്പെഷ്യൽ പ്ലാറ്റ്‌ഫോം ഫീ എന്ന പേരിൽ അത് 10 രൂപയാക്കിയത്.
പ്ലാറ്റ്‌ഫോം ഫീയിലുണ്ടായിരിക്കുന്ന ഈ വർദ്ധനവ് ഏകദേശം 65 കോടിയോളം രൂപ അധികമായി കമ്പനിക്ക് ഉണ്ടാക്കിക്കൊടുക്കുമെന്നാണ് അനുമാനം.
കഴിഞ്ഞ സാമ്പത്തികവർഷങ്ങളിലും, പദങ്ങളിലുമായി സോമറ്റോയുടെ ലാഭത്തിൽ മികച്ച മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഇതിന് പുറമെ ടിക്കറ്റിങ് ബിസിനസ് കൂടി ഏറ്റെടുത്ത് 8500 കോടി രൂപയോളം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതിനിടെയാണ് പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചുകൊണ്ടുള്ള നീക്കമുണ്ടാകുന്നത്.
Content Highlights: Swiggy also increases platform fees after zomato