ആരെയും മറന്നില്ല; ഒപ്പം തൻ്റെ പ്രിയപ്പെട്ട ടിറ്റോയെയും; രത്തൻ ടാറ്റയുടെ വിൽപത്രവിവരങ്ങൾ പുറത്ത്

വളർത്തുമൃഗങ്ങൾക്കായി സമ്പത്ത് നൽകുന്നത് പടിഞ്ഞാറൻ രാജ്യങ്ങളിൽ സാധാരണയാണെങ്കിലും ഇന്ത്യയിൽ ഇത് അപൂർവമാണ്

dot image

മരണത്തിന് മുൻപായി തൻ്റെ പ്രിയപ്പെട്ടവർക്കായി വലിയ കരുതൽ ഒരുക്കിയ ശേഷമാണ് രത്തൻ ടാറ്റ വിടപറഞ്ഞത്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ സവിശേഷമായ ചില തീരുമാനങ്ങൾ കൂടി രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. തൻ്റെ സ്വന്തക്കാർക്കൊപ്പം വളർത്തുനായ ടിറ്റോയ്ക്കും സ്വത്തിൻ്റെ ഒരു വിഹിതം ടാറ്റ എഴുതിവെച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്കായി സമ്പത്ത് നൽകുന്നത് പടിഞ്ഞാറൻ രാജ്യങ്ങളിൽ സാധാരണയാണെങ്കിലും ഇന്ത്യയിൽ ഇത് അപൂർവമാണ്. വർഷങ്ങൾക്ക് മുൻപ് തൻ്റെ പ്രിയപ്പെട്ട നായയുടെ മരണശേഷം ദത്തെടുത്ത നായയ്ക്കും ടാറ്റ ടിറ്റോ എന്ന പേര് തന്നെ നൽകുകയായിരുന്നു.

വിൽപത്രത്തിലെ ടാറ്റയുടെ തീരുമാനങ്ങൾ

ദീര്‍ഘകാലമായി രത്തന്‍ ടാറ്റയ്‌ക്കൊപ്പം നിന്ന് നായ്ക്കളെ പരിചരിക്കുന്ന രാജന്‍ ഷാ തന്നെ ആ സ്ഥാനത്ത് തുടരണമെന്ന് വില്‍പത്രത്തില്‍ രത്തൻ ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്. 10,000 കോടി രൂപയിലധികം വരുന്ന ആസ്തിയുള്ള രത്തന്‍ ടാറ്റ സഹോദരന്‍ ജിമ്മി ടാറ്റ, സഹോദരിമാരായ ഷിറിന്‍, ഡീന ജെജീബോയ്, ഏതാനും സ്റ്റാഫുകള്‍ എന്നിവര്‍ക്കായും സ്വത്ത് വീതം വച്ചിട്ടുണ്ട്. ടാറ്റയുമായി മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധമുള്ള അദ്ദേഹത്തിന്‍റെ പാചകക്കാരന്‍ സുബ്ബയ്യയ്ക്കുള്ള വ്യവസ്ഥകളും വില്‍പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാറ്റയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്‍റ് ശന്തനു നായിഡുവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും വില്‍പത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നായിഡുവിന്‍റെ സംരംഭമായ ഗുഡ്ഫെല്ലോസിലെ തന്‍റെ ഓഹരി രത്തന്‍ ടാറ്റ ഉപേക്ഷിച്ചു. കൂടാതെ അദ്ദേഹത്തിന്‍റെ വിദേശ വിദ്യാഭ്യാസ ചെലവുകള്‍ ഒഴിവാക്കുകയും ചെയ്തു.

ടാറ്റയുടെ സമ്പത്തിൽ അലിബാഗിലെ 2,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബീച്ച് ബംഗ്ലാവ്, മുംബൈയിലെ ജുഹു താരാ റോഡിലെ ഇരുനില വീട്, 350 കോടി രൂപയിലധികം വരുന്ന സ്ഥിരനിക്ഷേപം, ടാറ്റ സണ്‍സിന്‍റെ 0.83% ഓഹരി എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് ഓഹരികള്‍ കൈമാറുന്ന ടാറ്റ ഗ്രൂപ്പിന്‍റെ പാരമ്പര്യം അനുസരിച്ച്, ടാറ്റ സണ്‍സിലെ അദ്ദേഹത്തിന്‍റെ ഓഹരികള്‍ എന്‍ഡോവ്മെന്‍റ് ഫൗണ്ടേഷന് (ആര്‍ടിഇഎഫ്) കൈമാറും. രത്തന്‍ ടാറ്റ മരിക്കുന്നത് വരെ താമസിച്ചിരുന്ന കൊളാബയിലെ ഹലേകായ് വീട് ടാറ്റ സണ്‍സിന്‍റെ അനുബന്ധ സ്ഥാപനമായ എവാര്‍ട്ട് ഇന്‍വെസ്റ്റ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. എവാര്‍ട്ട് ഇന്‍വെസ്റ്റ്മെന്‍റിനെ പറ്റി തീരുമാനം എടുക്കുക എവാര്‍ട്ട് ആയിരിക്കും. ടാറ്റ മോട്ടോഴ്സ് ഉള്‍പ്പെടെയുള്ള ടാറ്റ ഗ്രൂപ്പ് കമ്പനികളിലെ രത്തന്‍ ടാറ്റയുടെ ഓഹരികൾ ആര്‍ടിഇഎഫിന് കൈമാറും.

രത്തന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള മുപ്പതോളം കാറുകളുടെ വിപുലമായ ശേഖരം പുണെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയോ ലേലം ചെയ്യുകയോ ചെയ്യും. ടാറ്റക്ക് ലഭിച്ചിട്ടുള്ള അവാര്‍ഡുകളും അംഗീകാരങ്ങളും ടാറ്റ സെന്‍ട്രല്‍ ആര്‍ക്കൈവ്സിന് സംഭാവന ചെയ്യും. രത്തന്‍ ടാറ്റയുടെ വില്‍പത്രം മുംബൈ ഹൈക്കോടതി പരിശോധിച്ച ശേഷമായിരിക്കും പ്രാബല്യത്തില്‍ വരുത്തുക.

ലോകത്തിൻ്റെ പല ഭാ​ഗത്തും കണ്ടുവരാറുള്ളതാണ് വളർത്തു മൃ​ഗങ്ങളുടെ പേരിൽ സ്വത്തുകൾ എഴുതി വെയ്ക്കുന്നത്. 2007-ൽ മരിക്കുന്നതിന് മുമ്പ്, ഹോട്ടലുടമയായ ലിയോണ ഹെൽംസ്‌ലി തൻ്റെ വളർത്തുനായ ട്രബിളിൻ്റെ പരിപാലനത്തിനായി 12 മില്യൺ ഡോളർ നൽകിയത് അന്ന് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കാൾ ലാഗർഫെൽഡ് എന്നയാൾ തൻ്റെ വളർത്തുപൂച്ചയ്ക്ക് വേണ്ടി $1.5 മില്യൺ രൂപ നൽകിയിരുന്നു.

Content Highlights: Ratan Tata has allocated provisions in his will for lifelong care of his German Shepherd, Tito

dot image
To advertise here,contact us
dot image