ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകളിൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ നമ്മൾ ആദ്യം പ്രതീക്ഷിക്കുന്ന ഒരു കാര്യം വൃത്തിയാകും. കൃത്യമായി പാക്ക് ചെയ്യുക, അത് വൃത്തിയായി ഡെലിവർ ചെയ്യുക എന്നിവയ്ക്ക് തന്നെയാകും നമ്മളെ സംബന്ധിച്ച് ആദ്യത്തെ മുൻഗണന. എന്നാൽ പലപ്പോഴും വളരെ അലസമായി ഹോട്ടലുകൾ ഈ വിഷയത്തെ കൈകാര്യം ചെയ്ത് നമ്മൾ കാണാറുണ്ട്. എന്നാൽ അവയ്‌ക്കെല്ലാം ഇനിമുതൽ ഒരു പൂട്ടിടുകയാണ് സ്വിഗ്ഗി.
സ്വിഗ്ഗി പുതിയതായി പരിചയപ്പെടുത്തിയിട്ടുള്ള 'സ്വിഗ്ഗി സീൽ ബാഡ്ജ്' എന്ന ഫീച്ചറാണ് വൃത്തിയുടെ കാര്യത്തിൽ ഹോട്ടലുകളെ ഒരു 'പാഠം പഠിപ്പിക്കുക'. ഹോട്ടലിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക്, ഭക്ഷണം പാക്ക് ചെയ്ത രീതി, അവ സെർവ് ചെയ്ത രീതി എന്നതെല്ലാം വെച്ച് റേറ്റിംഗ് നൽകാവുന്നതാണ്. ഇവ കൂടാതെ ഭക്ഷണം പാകം ചെയ്ത രീതി ശരിയല്ലെങ്കിലും ഉപഭോക്താവിന് സ്വിഗിയോട് പരാതിപ്പെടാം. നിരന്തരം ആവർത്തിക്കപ്പെടുന്ന വിഷയമാണെങ്കിൽ സ്വിഗ്ഗി ഹോട്ടലുകൾക്ക് സീൽ ബാഡ്ജ് നൽകില്ല. ഇത് ഹോട്ടലുകളുടെ കച്ചവടത്തെ ബാധിക്കുകയും ചെയ്യും.
ഓൺലൈൻ ഡെലിവറിക്ക് പലപ്പോഴുമായി വൃത്തിയില്ലാത്ത പാക്കേജിങ് രീതികൾ കാണുന്നതുകൊണ്ടാണ് സ്വിഗ്ഗി ഇത്തരമൊരു പുതിയ ബാഡ്ജ് തയ്യാറാക്കിയത്. റെസ്റ്റോറന്റ് നടത്തിപ്പുകാർക്ക് നേരിട്ട് ഭക്ഷണം ഇരുന്നുകഴിക്കുന്നവരോടുളള താത്പര്യം ഓൺലൈനിലൂടെ ഓർഡർ ചെയ്യുന്നവരോട് ഇല്ല എന്ന പരാതി മുൻപേ ഉള്ളതാണ്. ഈ വിടവ് പരിഹരിക്കാനാണ് സ്വിഗ്ഗി 'സീൽ ബാഡ്ജ്' കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ കൂടുതൽ വൃത്തി പുലർത്തുന്ന ഹോട്ടലുകൾക്ക് സ്വിഗ്ഗി സീൽ ബാഡ്ജ് നൽകുകയും, അതുവഴി ആ ഹോട്ടലിന്റെ വിശ്വാസ്യത വർധിക്കുകയും ചെയ്യും. നിലവിൽ പൂനെയിൽ മാത്രമുള്ള ഈ ഫീച്ചർ ഉടൻ തന്നെ തങ്ങൾക്ക് ഡെലിവറിയുള്ള 650ഓളം നഗരങ്ങളിലേക്ക് സ്വിഗ്ഗി വ്യാപിപ്പിക്കും.
ഇതിനിടെ, കഴിഞ്ഞ ദിവസം തങ്ങളുടെ പ്ലാറ്റ്‌ഫോം ഫീസ് സ്വിഗ്ഗി വർധിപ്പിച്ചതും വലിയ വാർത്തയായിരുന്നു. എതിരാളിയായ സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചതിന് പിന്നാലെയാണ് സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചത്. സൊമാറ്റോയുടേത് പോലെ 10 രൂപയായാണ് സ്വിഗ്ഗി തങ്ങളുടെ പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചത്. ആപ്പിൽ വർധന എഴുതിക്കാണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഈടാക്കിത്തുടങ്ങിയിട്ടില്ല.