പുതിയ നിർദ്ദേശം പൊല്ലാപ്പാകുമോ? നവംബര്‍ ഒന്നു മുതല്‍ ഒടിപി സന്ദേശങ്ങള്‍ ലഭിക്കാൻ തടസ്സമെന്ന് റിപ്പോർട്ട്

നവംബര്‍ ഒന്നുമുതല്‍ ഇ-കൊമേഴ്‌സ് ഇടപാടുകളിലും മറ്റും ഒടിപി ലഭ്യമാക്കുന്നതില്‍ താത്കാലിക തടസ്സമുണ്ടാകാന്‍ സാധ്യത

dot image

നവംബര്‍ ഒന്നുമുതല്‍ ഇ-കൊമേഴ്‌സ് ഇടപാടുകളിലും മറ്റും ഒടിപി ലഭ്യമാക്കുന്നതില്‍ താത്കാലിക തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ടെലികോം സേവനകമ്പനികളുടെ മുന്നറിയിപ്പ്. ബാങ്കുകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ അടക്കം അയക്കുന്ന സന്ദേശങ്ങള്‍ ട്രേസ് ചെയ്ത് കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നതാണ് ട്രായിയുടെ നിര്‍ദേശം. നവംബര്‍ ഒന്നിന് പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ, പല സുപ്രധാന ഇടപാട്, സര്‍വീസ് സന്ദേശങ്ങള്‍ അയക്കുന്നതില്‍ തടസ്സം നേരിട്ടേക്കാമെന്നാണ് ടെലികോം ഓപ്പറേറ്റര്‍മാരുടെ ആശങ്ക.

ഓഗസ്റ്റിലാണ് സന്ദേശങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്ന് ട്രായ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സന്ദേശം അയക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ടെലിമാര്‍ക്കറ്റിങ് കമ്പനികളുടെ മുഴുവന്‍ ശൃംഖലയെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കണമെന്നും ഈ നടപടിക്രമവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ അത്തരം സന്ദേശങ്ങള്‍ നിരസിക്കേണ്ടതാണെന്നുമായിരുന്നു ട്രായിയുടെ നിര്‍ദേശം. ഇത്തരത്തില്‍ അനുമതിയില്ലാത്ത ശൃംഖലകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യുമെന്നും ഉപഭോക്താക്കള്‍ക്ക് കൈമാറില്ലെന്നും പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് നടപ്പാക്കുന്നതോടെ നിർദ്ദിഷ്ട മാനദണ്ഡം പാലിക്കാത്ത ഒറ്റത്തവണ പാസ് വേര്‍ഡു(OTP)കള്‍, മറ്റ് നിര്‍ണായക ആശയവിനിമയങ്ങള്‍ അടക്കമുള്ള പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിയേക്കില്ലെന്നാണ് ടെലികോം കമ്പനികളുടെ ആശങ്ക.

കാരണം, പല ടെലിമാര്‍ക്കറ്റിങ് കമ്പനികളും സ്ഥാപനങ്ങളും പുതിയ നിര്‍ദേശത്തിന് അനുസൃതമായി ആവശ്യമായ സാങ്കേതിക മാറ്റങ്ങള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പല ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സാങ്കേതിക അപ്‌ഡേറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ അധിക സമയം ആവശ്യമാണ്. അതുകൊണ്ട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മാസകൂടി സമയം നീട്ടി നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും ടെലികോം കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു.

CONTENT HIGHLIGHTS: OTPs For Transactions Likely To Be Affected From November 1

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us