നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ കാമ്പ കോള, വിപണിയില്‍ വന്‍ ഗെയിമുമായി അംബാനി; കൊക്കോക്കോളയ്ക്ക് പണി കിട്ടുമോ?

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ജനപ്രിയ പാനീയ ബ്രാന്‍ഡായ കാമ്പ കോള

dot image

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ജനപ്രിയ പാനീയ ബ്രാന്‍ഡായ കാമ്പ കോള. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പാണ് 50 വര്‍ഷം പഴക്കമുള്ള ജനപ്രിയ ബിവറേജ് ബ്രാന്‍ഡ് വിപണിയിലെത്തിച്ചത്. പുതിയ വിലയില്‍ പുതിയ രുചിയിലാണ് കാമ്പ കോള വിപണിയിലെത്തിയിരിക്കുന്നത്. റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സിന്റെ ഒരു സബ്സിഡിയറി, നാരങ്ങ, കോള, ഓറഞ്ച് എന്നിവയുള്‍പ്പെടെ മൂന്ന് രുചികള്‍ വീണ്ടും അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്സവ സീസണില്‍ രുചികള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രമുഖ ശീതള പാനീയ കമ്പനികള്‍ നല്‍കുന്ന വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് കാമ്പ കോള ലഭ്യമാക്കുന്നത്. ജിയോ മാര്‍ട്ടില്‍, 200 മില്ലി കാമ്പയുടെ കുപ്പി 10 രൂപയ്ക്കും പെപ്സി, കൊക്കകോള എന്നിവയുടെ 250 മില്ലി കുപ്പിയ്ക്ക് 20 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. കാമ്പയുടെ 500 മില്ലിയുടെ കുപ്പി കൊക്കോകോള, പെപ്‌സി ബ്രാന്‍ഡുകളേക്കാള്‍ 10 മുതല്‍ 20 രൂപ വരെ കുറവിലാണ് വില്‍ക്കുന്നത്. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കിരാന സ്റ്റോറുകളിലൂടെയും ഇത് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. കാമ്പ കോളയുടെ ഡിസ്ട്രിബ്യൂഷനും സപ്ലൈയും കൂടുതല്‍ വ്യാപകമാക്കാനുളള ഊര്‍ജിത ശ്രമങ്ങളിലാണ് കമ്പനി. ഓരോ സംസ്ഥാനങ്ങളിലും സ്വന്തമായി കൂടുതല്‍ ബോട്ടിലിംഗ് യൂണിറ്റുകള്‍ സ്ഥാപിച്ച് വില്‍പ്പന, വിതരണ മേഖല ശക്തിപ്പെടുത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

കാമ്പ ബ്രാന്‍ഡിനെ ജനപ്രിയമാക്കുന്നതിനായി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ബീഹാറിലും പശ്ചിമ ബംഗാളിലുമുളള വഴിയോര കച്ചവടക്കാര്‍ക്ക് വില്‍പ്പനയ്ക്കായി പാനീയം നല്‍കിയിരുന്നു. വഴിയോര കച്ചവടക്കാര്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ഒരു ഗ്ലാസ് കാമ്പ കോള നല്‍കുക എന്ന തന്ത്രമാണ് റിലയന്‍സ് പയറ്റിയത്. 2022 ല്‍ റിലയന്‍സ് കണ്‍സ്യൂമര്‍ കമ്പനി ആദ്യമായി കാമ്പ വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍, ഇന്ത്യയിലെ കാര്‍ബണേറ്റഡ് പാനീയങ്ങളുടെ ഏറ്റവും വലിയ വിപണിയായ ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത് വ്യാപകമായി വില്‍പ്പനയ്ക്ക് എത്തിച്ചത്. കൊക്കോകോള ആധിപത്യം പുലര്‍ത്തുന്ന സംസ്ഥാനങ്ങള്‍ കൂടിയാണിത്.

dot image
To advertise here,contact us
dot image