സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു. 7275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായി സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നതിനും വ്യാഴാഴ്ച സാക്ഷ്യം വഹിച്ചു. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് 60,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവിലയില്‍ കഴിഞ്ഞദിവസം ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. 58,000ല്‍ താഴെയാണ് സ്വര്‍ണവില എത്തിയത്. എന്നാല്‍ ഇന്നലെ തിരിച്ചുകയറിയ സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തുകയായിരുന്നു.
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാകുന്നത്.
CONTENT HIGHLIGHTS: Gold price today