ഇന്ത്യയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ആദ്യത്തെ ഫൈബർ അധിഷ്ഠിത ഇൻട്രാനെറ്റ് ടിവി സേവനം ആരംഭിച്ച് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). പുതിയ ലോഗോയും മറ്റ് ആറ് പുതിയ സൗകര്യങ്ങളും അനാച്ഛാദനം ചെയ്തതിനൊപ്പം കഴിഞ്ഞ മാസമാണ് ഐഎഫ്ടിവി എന്ന് വിളിക്കപ്പെടുന്ന ഈ സേവനം ആദ്യമായി അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് വ്യക്തമായ ദൃശ്യങ്ങളും പേ ടിവി സൗകര്യവും ഉള്ള തത്സമയ ടിവി സേവനങ്ങൾ നൽകുന്നതിനായി ഇത് ബിഎസ്എൻഎല്ലിൻ്റെ ഫൈബർ-ടു-ദി-ഹോം (FTTH) നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള ബിഎസ്എൻഎൽ ഹോട്ട്‌സ്‌പോട്ടുകളിൽ അതിവേഗ ഇൻ്റർനെറ്റ് ആക്‌സസ് ചെയ്യാനും അവരുടെ ഡാറ്റാ ചെലവ് കുറയ്ക്കാനും കഴിയുന്ന ദേശീയ വൈ-ഫൈ റോമിംഗ് സേവനവും ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ സേവനവുമായി ബിഎസ്എൻഎൽ രംഗത്ത് വരുന്നത്.
മധ്യപ്രദേശിലെയും തമിഴ്‌നാട്ടിലെയും ഉപഭോക്താക്കൾക്ക് ഉയർന്ന സ്ട്രീമിംഗ് നിലവാരത്തിലുള്ള 500-ലധികം ലൈവ് ടിവി ചാനലുകൾ ആസ്വദിക്കാൻ കഴിയുമെന്ന് കാണിച്ചാണ് എക്സ് പോസ്റ്റിലൂടെ ബിഎസ്എൻഎൽ ഐഎഫ്ടിവി സേവനത്തിൻ്റെ വിവരം പങ്കുവെച്ചത്. റിലയൻസ് ജിയോയും എയർടെലും വാഗ്ദാനം ചെയ്യുന്ന മറ്റ് തത്സമയ ടിവി സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഓഫറാണ് ബിഎസ്എൻഎൽ മുന്നോട്ടുവെയ്ക്കുന്നു. ജിയോയും എയർടെല്ലും സ്ട്രീമിംഗിന് ഉപയോഗിക്കുന്ന ഡാറ്റ പ്രതിമാസ ക്വാട്ടയിൽ നിന്ന് കുറയ്ക്കുമ്പോൾ ബിഎസ്എൻഎൽ ഐഎഫ്ടിവിയ്ക്ക് ഇത് ബാധകമല്ല.
ടിവി സ്ട്രീമിംഗിനായി ഉപയോഗിക്കുന്ന ഡാറ്റ അവരുടെ ഡാറ്റ പാക്കുകളുടെ ഭാഗമായി പരിഗണിക്കില്ലെന്നും ഫൈബർ-ടു-ദി-ഹോം പാക്കിൽ നിന്ന് കുറയ്ക്കില്ലെന്നുമാണ് ബിഎസ്എൻഎൽ പറയുന്നത്. മാത്രമില്ല സ്ട്രീമിംഗിനായി പരിധിയില്ലാത്ത ഡാറ്റയും ഇവർ വാഗ്ദാനം ചെയ്യുന്നു. ഇതുവഴി തത്സമയ ടിവി സേവനം ബിഎസ്എൻഎൽ ഫൈബർ-ടു-ദി-ഹോം ഉപഭോക്താക്കൾക്ക് അധിക ചിലവില്ലാതെ ലഭ്യമാകുമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
#BSNL redefines home entertainment with IFTV – India’s First Fiber-Based Intranet TV Service! Access 500+ live channels and premium Pay TV content with crystal-clear streaming over BSNL’s FTTH network. Enjoy uninterrupted entertainment that doesn’t count against your data limit!… pic.twitter.com/ScCKSmlNWV
— BSNL India (@BSNLCorporate) November 11, 2024
ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ZEE5 തുടങ്ങിയ ജനപ്രിയ OTT പ്ലാറ്റ്‌ഫോമുകൾക്കും സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾക്കും ഐഎഫ്ടിവി പിന്തുണ നൽകുമെന്ന് ബിഎസ്എൻഎൽ വ്യക്തമാക്കുന്നത്. ഇതിന് പുറമെ ഗെയിമുകൾക്കും പിന്തുണയുണ്ടാകുമെന്നാണ് വാഗ്ദാനം. എന്നാൽ ഐഎഫ്ടിവി സേവനം നിലവിൽ ആൻഡ്രോയിഡ് ടിവികൾക്ക് മാത്രമേ അനുയോജ്യമാകൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആൻഡ്രോയിഡ് 10 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ടിവിയുള്ള ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ബിഎസ്എൻഎൽ ലൈവ് ടിവി ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ബിഎസ്എൻഎല്ലിൻ്റെ ഐഎഫ്ടിവി സേവനം സബ്‌സ്‌ക്രൈബുചെയ്യുന്നതിന് ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. ഈ വർഷം ആദ്യം കമ്പനിയുടെ ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (IPTV) സേവനം അവതരിപ്പിച്ചതിനെ അടിസ്ഥാനമാക്കിയാണ് ബിഎസ്എൻഎല്ലിൻ്റെ പുതിയ നീക്കം. സേവനങ്ങൾ സുരക്ഷിതമായും താങ്ങാവുന്ന വിലയിലും വിശ്വസനീയമായും നൽകുക എന്ന മൂന്ന് പ്രധാന ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പുതിയ ഫീച്ചറും പ്രവർത്തിക്കുകയെന്നാണ് ബിഎസ്എൻഎൽ വ്യക്തമാക്കുന്നത്.
Content Highlights: BSNL Launches Fibre-Based Intranet TV Service