'മൊട്ടുസൂചി മുതൽ ഐഫോൺ വരെ വിലക്കുറവിൽ ലഭിക്കുന്ന വെള്ളിയാഴ്ച'; എന്താണ് 'ബ്ലാക്ക് ഫ്രൈഡേ' വിൽപ്പന

ഓൺലൈൻ വ്യാപരങ്ങൾ ശക്തമായതോടെയാണ് ബ്ലാക്ക് ഫ്രൈഡേ വിൽപ്പന ലോകം മുഴുവൻ ശ്രദ്ധേയമായത്

dot image

ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ് ലോകം മുഴുവൻ. ഓൺലൈൻ വിൽപ്പന സൈറ്റുകളായ ആമസോണും ഫ്‌ളിപ്കാർട്ടും ഇതിനോടകം ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ പ്രഖ്യാപിച്ചു തുടങ്ങി. കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവാണ് പല ഉത്പന്നങ്ങൾക്കും ഇതിനോടകം പ്രഖ്യാപിച്ചിരിക്കുന്നത്. 2024 നവംബർ 29 നാണ് ഈ വർഷത്തെ ബ്ലാക്ക് ഫ്രൈഡേ. എല്ലാവർഷവും നവംബർ മാസത്തിലെ അവസാന വെള്ളിയാഴ്ച്ചയാണ് ബ്ലാക്ക് ഫ്രൈഡെ ആയി ആഘോഷിക്കുന്നത്. എന്തുകൊണ്ടാണ് ഈ ദിവസത്തെ ബ്ലാക്ക് ഫ്രൈഡേ എന്ന് വിളിക്കുന്നതെന്ന് അറിയാമോ ? അമേരിക്കൻ ഐക്യനാടുകളിലാണ് ബ്ലാക്ക് ഫ്രൈഡേ എന്ന രീതി ആരംഭിച്ചത്. ക്രിസ്മസ് ഷോപ്പിങ് സീസണിന് തുടക്കം കുറിയ്ക്കുന്ന ദിവസമായിട്ടാണ് ബ്ലാക്ക് ഫ്രൈഡേയെ കരുതുന്നത്.

നവംബറിലെ അവസാന വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേ. ഏറ്റവും ലളിതമായി പറയുകയാണെങ്കിൽ ഫെസ്റ്റിവൽ സീസണ് മുമ്പായി നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ എന്ന് പറയാം. ക്രിസ്മസ് വ്യാപാരത്തിനായി സ്റ്റോക്കുകൾ കൊണ്ടുവരുന്നതിന് മുമ്പായി നിലവിലെ സ്റ്റോക്കുകൾ വിൽക്കുന്നതിനായി ആരംഭിച്ച വിൽപ്പന പിന്നീട് ബ്ലാക്ക് ഫ്രൈഡേ എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.

അമേരിക്കൻ ഐക്യനാടുകളിൽ ദേശീയ അവധി ദിവസമായ താങ്ക്‌സ് ഗിവിങ് ദിവസത്തിന് തൊട്ടടുത്ത ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ ആചരിക്കുന്നത്. നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കയിൽ താങ്ക്‌സ് ഗിവിങ് ഡേ ആചരിക്കുന്നത്. വിളവെടുപ്പിന് ശേഷം ദൈവത്തിനോട് നന്ദി പറയുന്ന ദിവസം എന്ന രീതിയിലാണ് താങ്ക്‌സ് ഗിവിങ് ഡേ ആചരിച്ച് തുടങ്ങിയത്.

ഇതിന് തൊട്ടടുത്ത ദിവസം ആളുകൾ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ അതാത് വർഷത്തെ വരുമാനം ഉപയോഗിച്ച് വാങ്ങുന്ന രീതി ആധുനിക കാലത്ത് വ്യാപരോത്സവമായി മാറുകയായിരുന്നു. ബ്ലാക്ക് ഫ്രൈഡേ ഒരു ഔദ്യോഗിക അവധി ദിവസമല്ലെങ്കിലും മിക്ക സ്ഥാപനങ്ങളും താങ്ക്‌സ് ഗിവിങ് ദിനത്തിന് തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ചയും അവധി നൽകും. ഇതിലൂടെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി വ്യാപാരം നടക്കും. വർഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ.

അമേരിക്കയിലെ ഫിലാഡെൽഫിയയിലാണ് ബ്ലാക്ക് ഫ്രൈഡെ എന്ന പേര് ഉത്ഭവിച്ചത്. താങ്ക്‌സ് ഗിവിങിന്റെ പിറ്റേദിവസം വാഹന ഗതാഗതവും മനുഷ്യരുടെ വഴിനടപ്പും താറുമാറാവുന്ന ദിവസമായതിനാലാണ് ഇങ്ങനെ പേരുവന്നത്. ഇതിന് പുറമെ കച്ചവടക്കാരുടെ വാർഷിക വരവുചെലവ് കണക്ക് ചുവപ്പുമഷിയിൽ എഴുതിയ നഷ്ടത്തിൽനിന്ന് കുറുപ്പ് മഷിയിൽ എഴുതിയ ലാഭത്തിലേയ്ക്ക് കടക്കുന്നത് ഈ ദിവസമാണ്.

ഓൺലൈൻ വ്യാപരങ്ങൾ ശക്തമായതോടെ ബ്ലാക്ക് ഫ്രൈഡേ വിൽപ്പന ലോകം മുഴുവൻ ശ്രദ്ധേയമായി. ഇതിലൂടെ ആമസോൺ, ഫ്‌ളിപ്കാർട്ട്, വാൾമാർട്ട്, മിഷോ തുടങ്ങിയ സൈറ്റുകൾ ബ്ലാക്ക് ഫ്രൈഡേ ദിനത്തിൽ തങ്ങളുടെ സൈറ്റിലൂടെ വമ്പൻ വിലകുറവിൽ ഉൽപ്പന്നങ്ങൾ വിൽക്കാറുണ്ട്. ഈവർഷത്തെ ബ്ലാക്ക് ഫ്രൈഡേയിൽ വില കുറയുന്ന പ്രൊഡക്ടുകൾ മുൻകൂർ ബുക്കിങ് ആയി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Content Highlights: what is Black Friday sale and how this Shopping day start Black Friday offers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us