ഓഹരി വിപണിയില്‍ നിന്നും പുറത്തേയ്ക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ഈ മാസവും തുടരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നവംബറില്‍ ഇതുവരെ 26,533 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. അടുത്ത കാലത്ത് ഏറ്റവും ഉയര്‍ന്ന വില്‍പ്പന നടന്നത് ഒക്ടോബറിലാണ്.
ഒക്ടോബറില്‍ വിദേശ നിക്ഷേപകര്‍ 94,017 കോടി രൂപയാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ചെനയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചതാണ് ഇന്ത്യന്‍ വിപണിയെ ബാധിച്ച ഒരു കാര്യം. കമ്പനികളുടെ നിരാശപ്പെടുത്തിയ രണ്ടാം പാദ ഫലങ്ങളും ഓഹരികളുടെ മൂല്യം ഉയര്‍ന്ന നിലയിലാണെന്ന തോന്നലുമാണ് വിപണിയെ ബാധിച്ച മറ്റു ഘടകങ്ങള്‍ എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 57,724 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ഈ സ്ഥാനത്താണ് ഒക്ടോബറില്‍ വിദേശ നിക്ഷേപകരുടെ പിന്‍വലിക്കല്‍ 94,017 കോടിയായി ഉയര്‍ന്നത്.
അതേസമയം, അമേരിക്കയില്‍ ഗൗതം അദാനിക്കെതിരെ കൈക്കൂലി കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികള്‍ കുറച്ചു ദിവസമായി ഇടിവ് നേരിടുകയാണ്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി കമ്പനികളാണ് ഏറ്റവുമധികം നഷ്ടം നേരിടുന്നത്.
Content Highlights: fpi selling spree continues in nov cr intensity of noutflow reduces