തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു സന്തോഷ വാർത്തയുമായി സംസ്ഥാന തദ്ദേശ വകുപ്പ്. തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ ജീവനക്കാരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ അംഗമാക്കാനാണ് സംസ്ഥാന തദ്ദേശ വകുപ്പിൻ്റെ തീരുമാനം. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ഇപിഎഫില്‍ ചേര്‍ക്കുക. 15,000 രൂപയോ അതിലധികമോ പ്രതിമാസം വേതനം വാങ്ങുന്നവര്‍ 1800 രൂപയാണ് പിഎഫിലേക്ക് അടയ്ക്കേണ്ടത്. 1950 രൂപയായിരിക്കും തൊഴിലുടമയുടെ വിഹിതം.
ഇപിഎഫ് നിയമ പ്രകാരം 15,000 രൂപവരെ വേതനം വാങ്ങുന്നവരെയാണ് പിഎഫിൽ അംഗങ്ങളാക്കുക. തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ജീവനക്കാര്‍ക്ക് നിലവിലെ കുറഞ്ഞവേതനം 24,040 രൂപയാണ്. ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം അപേക്ഷയുടെ അടിസ്ഥാനത്തില്‍ അംഗങ്ങളാകാവുന്നതാണ്. ബന്ധപ്പെട്ട തദ്ദേശസ്ഥാപന, ജില്ല, സംസ്ഥാന അധികൃതര്‍ ശ്രം സുവിധ പോര്‍ട്ടലില്‍ തൊഴിലുടമ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ്. എല്ലാ മാസവും 15 നുമുമ്പ് മൊത്തം തുക പിഎഫിലേക്ക് അടയ്ക്കുന്നതാണ്.
തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ് കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നതെങ്കിലും പലപ്പോഴും തൊഴിലാളികളിലേക്ക് തുക കൃത്യസമയത്ത് എത്താറില്ല. അതുകൊണ്ട് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ തുക തനതു ഫണ്ടില്‍നിന്ന് കണ്ടെത്തി അടയ്ക്കാനാണ് തദ്ദേശ വകുപ്പ് നിര്‍ദേശമുളളത്. കേന്ദ്രഫണ്ട് കിട്ടുന്നതിന് അനുസരിച്ച് തിരികെ അക്കൗണ്ടില്‍ തുക അധികൃതര്‍ക്ക് ഉള്‍പ്പെടുത്താം. അടിയന്തരസാഹചര്യങ്ങളില്‍ ഉപാധികളോടെ പിഎഫ് തുക തൊഴിലാളികള്‍ക്ക് പിന്‍വലിക്കാവുന്നതാണ്. തൊഴിലുറപ്പ് ഉപേക്ഷിച്ച് ഒരു മാസത്തിനുശേഷം ഇപിഎഫ്. ഫണ്ടിന്റെ 75 ശതമാനവും രണ്ടു മാസത്തിന് ശേഷം ബാക്കിയും പിന്‍വലിക്കാന്‍ സാധിക്കും.
Content Highlight: According to the EPF Act, those who receive a salary of up to Rs. 15,000 will be made members of the PF. The current minimum wage for contract workers under the Employment Guarantee Scheme is Rs 24,040