സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്നലെ ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,840 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 1800 രൂപയാണ് ഇടിഞ്ഞത്. തുടര്‍ന്നാണ് ഇന്നത്തെ മുന്നേറ്റം. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്.
സ്വര്‍ണവിലയിലെ കുതിപ്പില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധവും പ്രധാനഘടകമെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘദൂര മിസൈലുകള്‍ റഷ്യയ്ക്കുള്ളില്‍ ഉപയോഗിക്കാന്‍ അമേരിക്ക യുക്രെയ്ന് അനുമതി നല്‍കിയതടക്കം റഷ്യ-യുക്രെയ്ന്‍ യുദ്ധം കൂടുതല്‍ സംഘര്‍ഷാത്മകമാകുന്നു എന്ന പ്രതീതി അടുത്ത ദിവസങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റഷ്യ ആണവായുധ ഭീഷണി മുഴക്കിയത് ഈ സാഹചര്യത്തെ കൂടുതല്‍ കലുഷിതമാക്കിയിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമാകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.
ഈയൊരു പശ്ചാത്തലത്തിലാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നതെന്നും വിശകലനങ്ങളുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സാമ്പത്തിക അപകടസാധ്യതകള്‍, കുറഞ്ഞ പലിശനിരക്ക് അന്തരീക്ഷം എന്നിവ സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിപ്പിക്കുന്നുവെന്നാണ് കൊമേഴ്‌സ് ബാങ്ക് വിശകലന വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭൗമരാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍, സെന്‍ട്രല്‍ ബാങ്കുകളുടെ വാങ്ങല്‍, യുഎസിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും കമ്മി എന്നിവ സ്വര്‍ണത്തെ കൂടുതല്‍ പിന്തുണയ്ക്കുന്നതായി കൊമേഴ്‌സ്ബാങ്ക് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ട്രംപിന്റെ വിജയശേഷം ഉയര്‍ന്ന വിലനിലവാരത്തിലെത്തിയ ഡോളറും കഴിഞ്ഞ ദിവസങ്ങളില്‍ ദുര്‍ബലമായിരുന്നു. ഇതും സ്വര്‍ണത്തിന്റെ വില കൂടുന്നതിന് കാരണമായി.
Content Highlights: Gold Rate today