നൈക്കില്‍ നിന്ന് തെറ്റിപിരിഞ്ഞ് അഡിഡാസിലേക്ക്; മെസ്സിയുടെ കൂറുമാറ്റം എന്തിനായിരുന്നു?

എന്തുകൊണ്ടാണ് ലയണല്‍ മെസ്സി നൈക്കിനെ വിട്ട് അഡിഡാസിനെ കൂട്ടുപിടിച്ചത്

dot image

അഡിഡാസുമായുള്ള ലയണല്‍ മെസ്സിയുടെ ബന്ധം ആരാധകര്‍ക്കെല്ലാം അറിയുന്ന കാര്യമാണ്. അദ്ദേഹത്തെ മറ്റേതെങ്കിലും ബ്രാന്‍ഡുമായി ബന്ധിപ്പിച്ച് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്. എന്നാല്‍ മെസ്സിയുടെ കരിയറിന്റെ തുടക്കകാലത്ത് നൈക്ക് ആയിരുന്നു മെസ്സിയുടെ സ്‌പോണ്‍സേഴ്‌സ്. പെട്ടെന്ന് ഒരു ദിവസം നൈക്കുമായുള്ള കരാറില്‍ നിന്ന് മെസ്സി പിന്മാറുകയായിരുന്നു. 2001-ല്‍ ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയില്‍ വളര്‍ന്നുവരുന്ന താരമായിരുന്ന കാലത്താണ് മെസ്സിയും നൈക്കും തമ്മിലുള്ള കഥ ആരംഭിച്ചത്. ആ സമയത്ത്, നൈക്ക് ആയിരുന്നു ക്ലബ്ബിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍, മറ്റെല്ലാ കളിക്കാരെയും പോലെ മെസിയും നൈക്ക് ബ്രാന്‍ഡ് ധരിച്ചിരുന്നു. പെട്ടെന്നായിരുന്നു അഡിഡാസുമായി കരാറില്‍ ഒപ്പിട്ടുകൊണ്ട് മെസ്സിയുടെ കൂറുമാറ്റം

മെസ്സിയും നൈക്കും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമെന്താണ്?

2022-ലെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ലേഖനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, ഒരു ചെറിയ പ്രശ്‌നമായിരുന്നു ഇതിനെല്ലാം കാരണം, മെസ്സിയുടെ പിതാവ് നൈക്കില്‍ നിന്ന് കൂടുതല്‍ അത്ലറ്റിക് ഗിയര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അഭ്യര്‍ത്ഥനയോട് കാര്യമായ രീതിയില്‍ കമ്പനി പ്രതികരിച്ചില്ല. ഈ ശ്രദ്ധക്കുറവ് കരാര്‍ ബന്ധത്തെ തകര്‍ക്കുന്ന രീതിയിലേക്ക് നയിച്ചു. മെസ്സിയുടെ ഭാവി താരപദവി പ്രതീക്ഷിക്കുന്നതില്‍ പരാജയപ്പെട്ട നൈക്ക് മെസ്സിയെ നിലനിര്‍ത്താന്‍ വേണ്ടത്ര കാര്യക്ഷമത കാണിച്ചില്ല. നൈക്കിനോടുള്ള മെസ്സിയുടെ അതൃപ്തി നൈക്കുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് കാരണമായി. താരം താമസിയാതെ അഡിഡാസിലേക്ക് മാറി.

എന്നാല്‍ കരാറിന്റെ പേരില്‍ മെസ്സിയെ നൈക്ക് കോടതിയിലെത്തിച്ചു. എന്നാല്‍ നൈക്കിന്റെ പക്കല്‍ ഒരു 'കമ്മിറ്റ്മെന്റ് ലെറ്റര്‍' മാത്രമേയുള്ളൂവെന്നും കരാര്‍ നടപ്പിലാക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെന്നും നിര്‍ണ്ണയിച്ച് കോടതി മെസ്സിക്ക് അനുകൂലമായി വിധിച്ചു. ഈ നിയമപരമായ വിജയത്തോടെ, മെസ്സി ഒരു പുതിയ പങ്കാളിത്തത്തിന് തുടക്കമിട്ടു. ആ അവസരം മുതലെടുത്ത് അഡിഡാസ് മെസ്സിയുമായി കരാറില്‍ ഒപ്പിട്ടു.

അഡിഡാസുമായി ഒപ്പിട്ടതു മുതല്‍, മെസ്സി അവരുടെ ഫുട്‌ബോള്‍ കാമ്പെയ്നുകളില്‍ മുന്‍നിരയിലാണ്, ഇത് ബ്രാന്‍ഡിനെ സോക്കര്‍ വിപണിയില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍ സഹായിച്ചു. 2017-ല്‍, മെസ്സി അഡിഡാസുമായി ആജീവനാന്ത കരാര്‍ ഉറപ്പിച്ചു, ഇത്തരമൊരു കരാറുള്ള ഏക ഫുട്‌ബോള്‍ കളിക്കാരനായി മെസ്സി മാറി. ഈ പങ്കാളിത്തം ബ്രാന്‍ഡിന് അവിശ്വസനീയമാം വിധം ലാഭത്തിലേക്കെത്തിച്ചു. അഡിഡാസിന്റെ വിപണി മൂല്യം 2006-ല്‍ 10 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് (ഏകദേശം 80,000 കോടി രൂപ) അടുത്ത കാലത്തായി 31.59 ബില്യണ്‍ ഡോളറായി (ഏകദേശം 2.53 ലക്ഷം കോടി രൂപ) കുതിച്ചുയര്‍ന്നു. മെസ്സിയുടെ ആഗോള ജനപ്രീതി ആ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2023-ല്‍ ഇന്റര്‍ മിയാമിയിലേക്കുള്ള മെസ്സിയുടെ നീക്കം അഡിഡാസിന്റെ പ്രൊഫൈല്‍ കൂടുതല്‍ ഉയര്‍ത്തി. ഈ ബ്രാന്‍ഡ് ടീമിന്റെ പത്താം നമ്പര്‍ ജേഴ്സികള്‍ നിര്‍മ്മിച്ചു. ഇത് വടക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സോക്കര്‍ കിറ്റുകളായി മാറി.

തിരിഞ്ഞുനോക്കുമ്പോള്‍, മെസ്സിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നൈക്കിന്റെ പരാജയം അവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയതായി വ്യക്തമാണ്. മറുവശത്ത്, അഡിഡാസ് മെസ്സിയുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തില്‍ നിന്ന് വളരെയധികം ലാഭം നേടി, ഫുട്‌ബോള്‍ വസ്ത്ര വിപണിയില്‍ അതിന്റെ ആധിപത്യം ഉറപ്പിച്ചു.

Content Highlights: Why Messi left Nike for Adidas?

dot image
To advertise here,contact us
dot image