സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് 57000ല്‍ താഴെ എത്തി. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 57,000ല്‍ താഴെ എത്തിയത്. 56,920 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7115 രൂപയായി.
സ്വര്‍ണവില ഇന്നലെ കൂടിയിരുന്നു. 80 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
കൂടിയും കുറഞ്ഞുമിരിക്കുന്ന സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ ഉയരുമെന്നാണ് കണക്കുകള്‍. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന് വിലയിരുത്തുന്നത്.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നതെന്നും വിശകലനങ്ങളുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സാമ്പത്തിക അപകടസാധ്യതകള്‍, കുറഞ്ഞ പലിശനിരക്ക് അന്തരീക്ഷം എന്നിവ സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിപ്പിക്കുന്നുവെന്നാണ് കൊമേഴ്സ് ബാങ്ക് വിശകലന വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിച്ചിരുന്നു. യുക്രൈന് യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാകുന്നത്.
Content Highlights: Gold Price Today