ദുബായ് സ്വര്‍ണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണ്? അവിടെ വിലക്കുറവിലും പരിശുദ്ധവുമായ സ്വര്‍ണം ലഭിക്കും എന്നുള്ളതുതന്നെ. സ്വര്‍ണം വാങ്ങുന്നവര്‍ ഇന്ത്യയിലേത് പോലെ വലിയതോതില്‍ നികുതി നല്‍കേണ്ടേ എന്നതാണ് ദുബായില്‍ സ്വര്‍ണ്ണത്തിന് വില കുറയാനുള്ള കാരണങ്ങളിലൊന്ന്. കാലങ്ങളായി ദുബായില്‍ സ്വര്‍ണത്തിന് നികുതി രഹിത നയമാണ് സ്വീകരിച്ചുവരുന്നത്.
വാങ്ങുന്നവര്‍ സ്വര്‍ണം വാങ്ങുന്നതിന് മൂല്യവര്‍ധിത നികുതിയോ മറ്റ് ഏതെങ്കിലും തരത്തിലുള്ള വില്‍പ്പന നികുതിയോ നല്‍കേണ്ടതില്ല. ദുബായില്‍ ഒട്ടുമിക്ക സ്ഥാപനങ്ങളില്‍ നിന്നും ആഭരണം വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ഇളവുകളിലൊന്നാണ് മൂല്യവര്‍ദ്ധിത നികുതി(വാറ്റ്)യില്‍ നിന്നുള്ള ഇളവ്. 2018ല്‍ യുഎഇ അഞ്ച് ശതമാനം മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയെങ്കിലും സ്വര്‍ണ്ണവും ആഭരണങ്ങളും 99ശതമാനം ശുദ്ധവും വാറ്റ് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്ന് വ്യാപാരം നടത്തുന്നതുമാണെങ്കില്‍ ഈ നികുതിയില്‍നിന്ന് ഒഴിവാക്കപ്പെടും.
ദുബായില്‍ സ്വര്‍ണത്തിന് വിലകുറയാനുള്ള മറ്റൊരു കാരണം ചെറുകിടക്കാര്‍ മുതല്‍ വന്‍കിടക്കാര്‍ വരെയുള്ള വ്യാപാരികള്‍ പരമാവധി ഉപഭോക്താക്കളെ തങ്ങളുടെ സ്ഥാപനത്തിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട് എന്നതാണ്. മത്സരം പോലെ സ്വര്‍ണം വില്‍ക്കുന്ന ധാരാളം സ്ഥാപനങ്ങളും അവിടെയുണ്ട്. മാത്രമല്ല യുഎഇ സര്‍ക്കാരും സ്വര്‍ണ വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവിടെ വില്‍ക്കുന്ന സ്വര്‍ണം ഉയര്‍ന്ന നിലവാരമുള്ളതാണെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരും കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇ-യില്‍ ഇറക്കുമതി തീരുവയും വളരെ കുറവാണ്. സ്വര്‍ണം കുറഞ്ഞ തീരുവയില്‍ ഇറക്കുമതി ചെയ്യുന്നതിന് വേണ്ടിയുളള കാര്യങ്ങള്‍ യുഎഇ ഗവണ്‍മെന്റ് നേരത്തെ നടപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കച്ചവടക്കാര്‍ക്ക് ഇത് ഗുണകരമായി മാറുകയും വാങ്ങുന്നവര്‍ക്ക് കുറഞ്ഞ വില ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
Content Highlights :Gold is always cheap in Dubai, the city of gold. Have you ever wondered why?