പത്ത് മിനിറ്റിൽ അടിസ്ഥാന ലൈഫ് സപ്പോർട്ട് ആംബുലൻസ് സേവനം എത്തിക്കാനെരുങ്ങി ബ്ലിങ്കിറ്റ്. ബേസിക് ലൈഫ് സപ്പോർട്ട് (ബിഎൽഎസ്) ആംബുലൻസ് സേവനങ്ങൾ ആരംഭിക്കുന്നതായി ബ്ലിങ്കിറ്റ് സിഇഒ അൽബിന്ദർ ധിൻഡ്‌സയാണ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അറിയിച്ചത്. തുടക്കത്തിൽ അഞ്ച് ആംബുലൻസുകളുമായി ഗുരുഗ്രാമിലാണ് സേവനം ലഭ്യമാക്കുക. ഓക്‌സിജൻ സിലിണ്ടറുകളും ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്ററും ഉൾപ്പെടെ അവശ്യ ലൈഫ് സപ്പോർട്ട് സൌകര്യങ്ങള്‍ ആംബുലന്‍സിലുണ്ടാകുമെന്ന് ബ്ലിങ്കിറ്റ് അറിയിച്ചു. ഓരോ ആംബുലൻസിനും ഒരു പാരാമെഡിക്കൽ സ്റ്റാഫ്, ഒരു അസിസ്റ്റൻ്റ്, പരിശീലനം ലഭിച്ച ഡ്രൈവർ എന്നിവരുണ്ടാകും.
Ambulance in 10 minutes.
— Albinder Dhindsa (@albinder) January 2, 2025
We are taking our first step towards solving the problem of providing quick and reliable ambulance service in our cities. The first five ambulances will be on the road in Gurugram starting today. As we expand the service to more areas, you will start… pic.twitter.com/N8i9KJfq4z
ഇന്ത്യൻ നഗരങ്ങളില്‍ വേഗമേറിയതും വിശ്വസനീയവുമായ ആംബുലൻസ് സേവനങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ ഗുരുഗ്രാമിൽ മാത്രമേ സേവനം ലഭ്യമാകൂവെങ്കിലും, ഈ സേവനം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബ്ലിങ്കിറ്റ് ലക്ഷ്യമിടുന്നത്. ബ്ലിങ്കിറ്റ് ആപ്പ് വഴി ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസ് ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഉടൻ കാണാനാകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ എല്ലാ പ്രധാന നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും ബ്ലിങ്കിറ്റ് വ്യക്തമാക്കുന്നു.
ഓരോ ആംബുലൻസിലും ഓക്സിജൻ സിലിണ്ടറുകൾ, ഒരു എഇഡി, സ്ട്രെച്ചർ, മോണിറ്റർ, സക്ഷൻ മെഷീൻ, അവശ്യ അടിയന്തര മരുന്നുകളും കുത്തിവയ്പ്പിനുള്ള മരുന്നുകളും സജ്ജീകരിച്ചിട്ടുണ്ട്. ആംബുലൻസ് സേവനത്തിലൂടെ സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യമിടുന്നില്ലെന്നും ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന ചെലവിൽ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി.
Content Highlights: They will be equipped with essential life support recruits, including oxygen cylinders and an automated external defibrillator. Each BLS ambulance has a paramedic, an assistant and a trained driver.