സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ താഴ്ന്ന് വില 59,480ല്‍ എത്തി. ഗ്രാമിന് കുറഞ്ഞത് 15 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7435 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നാണ് സ്വര്‍ണവില തിരിച്ചിറങ്ങിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന് വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു.
സ്വര്‍ണവില കഴിഞ്ഞ 5 വര്‍ഷമായി 1700- 2000 ഡോളറില്‍ നിന്നും കാര്യമായി ഉയര്‍ച്ചയില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സ്വര്‍ണവില 2050 ഡോളര്‍ ലെവലില്‍ നിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2790 ഡോളര്‍ വരെ ഉയര്‍ന്നു. ഏകദേശം 38% ത്തോളം ഉയര്‍ച്ചയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ രൂപ 83.25ല്‍ നിന്നും 85 എന്ന നിലയില്‍ ഡോളറിലേക്ക് ദുര്‍ബലമായതും സ്വര്‍ണ വില ഉയരാന്‍ കാരണമായി.
2025 ഉം സ്വര്‍ണവിലയ്ക്ക് വളരെ നിര്‍ണായകമായ വര്‍ഷമാണെന്നാണ് കണക്കുകൂട്ടല്‍. ട്രംപ് അധികാരത്തിലെത്തുന്നതും 2 തവണ ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയും സ്വര്‍ണവിലയെ കാര്യമായി തന്നെ ബാധിക്കും. നിലവില്‍ ഉയര്‍ന്ന കടത്തില്‍ പോകുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ട്രംപ് -മസ്ക് കൂട്ടുകെട്ട് ഉയര്‍ത്തികൊണ്ടുവരുമെന്ന പ്രതീക്ഷയും സ്വര്‍ണവില കുറയാന്‍ കാരണമാകും. ട്രംപിന്റെ പോളിസികള്‍ പണപ്പെരുപ്പം ഉയര്‍ത്തിയേക്കാം. പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ നിര്‍ത്തേണ്ടി വന്നാലോ അല്ലെങ്കില്‍ കൂട്ടേണ്ട സാഹചര്യം വന്നാലോ സ്വര്‍ണവിലയില്‍ ശക്തമായ ഇടിവുണ്ടാകുമെന്നാണ് സൂചന.
Content Highlights: Gold Price Today