ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെയും കുടുംബത്തിന്റെയും സമ്പത്തിൽ ഒറ്റയടിക്ക് വമ്പൻ ഇടിവ്. 1850 കോടി രൂപയാണ് ഒറ്റദിവസം കൊണ്ട് കുടുംബത്തിന്റെ വരുമാനത്തിൽ ഇടിവുണ്ടായത്. ഇൻഫോസിസ് ഓഹരി കഴിഞ്ഞ ദിവസം 6 ശതമാനത്തോളം ഇടിഞ്ഞിരുന്നു.
ഇൻഫോസിസിന്റെ 4.02 ശതമാനം ഓഹരികളാണ് നാരായണമൂർത്തിയുടെ കുടുംബം കൈവശം വെച്ചിരിക്കുന്നത്. വ്യാഴാഴ്ച 32,152 കോടി രൂപയായിരുന്നു ഈ ഓഹരികളുടെ മൂല്യം. എന്നാൽ ഒറ്റദിവസം കൊണ്ട് ഇൻഫോസിസ് ഓഹരി ഏകദേശം 6 ശതമാനം ഇടിയുകയും 30,300 കോടിയിലേക്ക് കുടുംബത്തിന്റെ ഓഹരി മൂല്യം ഇടിയുകയും ചെയ്തു. 1850 കോടിയുടെ തകർച്ചയാണ് സമ്പത്തിൽ ഒറ്റദിവസം കൊണ്ട് ഉണ്ടായത്.
2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദ റിപ്പോർട്ട് പ്രകാരം നാരായണമൂർത്തിക്ക് ഇൻഫോസിസിൽ 0.40 ശതമാനം ഓഹരിയും ഭാര്യ സുധ മൂർത്തിക്ക് 0.92 ശതമാനവും മകൻ രോഹൻ മൂർത്തിക്കും മകളും മുൻ യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യയുമായ അക്ഷത മൂർത്തിക്കും യഥാക്രമം 1.62 ശതമാനവും 1.04 ശതമാനവും ഓഹരികൾ ആണ് ഉള്ളത്. നാരായണമൂർത്തിയുടെ ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തിക്ക് 0.4 ശതമാനം ഓഹരിയും കമ്പനിയിൽ ഉണ്ട്.
കഴിഞ്ഞ ദിവസമാണ് ഇൻഫോസിസ് ഓഹരികൾ 5.89 ശതമാനം ഇടിഞ്ഞ് ബിഎസ്ഇയിൽ 1,812.70 രൂപയിലെത്തിയത്. നിഫ്റ്റി 108.60 പോയിന്റ് ഇടിഞ്ഞ് 23,203.20 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഫോസിസ് ഓഹരികളുടെ തകർച്ച മറ്റ് ഐടി കമ്പനികളുടെ ഓഹരികളെയും ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ ഓഹരികളിൽ പോസിറ്റീവ് ട്രെൻഡുകൾ ഉണ്ടായെങ്കിലും കഴിഞ്ഞ ആറുമാസമായി ഇൻഫോസിസിന്റെ ഓഹരി നേട്ടം 5.42 ശതമാനം മാത്രമാണ്. മൂന്നാംപാദത്തിൽ 6806 കോടിയുടെ അറ്റാദായം കമ്പനി ഉണ്ടാക്കിയിരുന്നു. എന്നാൽ ഓഹരി വിപണിയിൽ ഉണ്ടായ നഷ്ടത്തോടെ കമ്പനിയുടെ വിപണിമൂല്യം 7.54 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ഇതിനിടെ കമ്പനിയിൽ പുതിയ കൂടുതൽ അപ്പോയിൻമെന്റ് നടക്കുന്നുണ്ടെങ്കിലും കൊഴിഞ്ഞുപോക്ക് വർധിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. കമ്പനിയിലെ കൊഴിഞ്ഞുപോക്ക് രണ്ടാംപാദത്തിലെ 12.9 ശതമാനത്തിൽനിന്ന് 13.7 ശതമാനമായി കൂടിയതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Content Highlights: Infosys shares drop Narayana Murthy family lost 1850 core