കമ്പനിയുടെ പേര് മാറ്റത്തിന് അനുമതി നല്‍കി സൊമാറ്റോ. ഇന്ത്യയിലെ മുന്‍നിര ഫുഡ്/ഗ്രോസറി ഡെലിവറി ആപ്പായ സൊമാറ്റോയുടെ പേര് മാറ്റത്തിന് ബോര്‍ഡ് അംഗങ്ങള്‍ അനുമതി നല്‍കി. സൊമാറ്റോ ലിമിറ്റഡ് എന്നത് എറ്റേണല്‍ ലിമിറ്റഡ് എന്നാക്കി മാറ്റാനാണ് തീരുമാനം. പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കമ്പനിയുടെ പേര് മാറുമെങ്കിലും സൊമാറ്റോ ആപ്പിന്റെ പേരില്‍ മാറ്റമുണ്ടാകില്ല.
സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്ട്, ഹൈപ്പര്‍പ്യുവര്‍ എന്നീ സേവനങ്ങളാണ് നിലവില്‍ സൊമാറ്റോ ലിമിറ്റഡിന്റെ കീഴിലുള്ളത്. പേര് മാറ്റത്തിന് ബോര്‍ഡ് അംഗങ്ങളുടെ അംഗീകാരം ലഭിച്ചെങ്കിലും കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍മാരുടെ അനുമതി ആവശ്യമാണ്. ഷെയര്‍ഹോള്‍ഡേഴ്‌സ് എല്ലാവരും ഈ മാറ്റത്തിന് പൂര്‍ണ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി സൊമാറ്റോ സിഇഒ ദീപക് ഗോയല്‍ ഷെയര്‍ഹോള്‍ഡേഴ്‌സിന് അയച്ച കത്തില്‍ പറയുന്നു.
തങ്ങളുടെ സ്റ്റോക് ടിക്കര്‍ ഇനി എറ്റേണല്‍ എന്നാകും അറിയപ്പെടുക. ഇത് ഒരു പേര് മാറ്റം മാത്രമല്ലെന്നും കമ്പനിയിലെ വലിയ മാറ്റങ്ങളുടെ തുടക്കമാണെന്നും ഗോയല്‍ പ്രതികരിച്ചു. ബ്ലിങ്കിറ്റ് ഏറ്റെടുത്തപ്പോള്‍ തന്നെ കമ്പനിയുടെ പേര് അനൗദ്യോഗികമായി മാറ്റിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് ബോംബെ ഓഹരി വിപണിയില്‍ സൊമാറ്റോ ലിസ്റ്റ് ചെയ്തത്.
Content Highlights: Zomato To Rebrand As 'Eternal', Unveils New Logo