രാജ്യത്തെ തന്നെ ഏറ്റവും വിലയേറിയ ഹൗസിങ് റിയൽ എസ്റ്റേറ്റ് ഡീൽ നടത്തിയിരിക്കുകയാണ് കൊട്ടക് കുടുംബം. മുംബൈയിലെ കണ്ണായ സ്ഥലമായ വോർളിയിൽ കടലിനെ നോക്കി സ്ഥിതി ചെയ്യുന്ന 12 അപ്പാർട്മെന്റുകൾ കൊട്ടക് കുടുംബം വാങ്ങിയത് പൊന്നും വിലയ്ക്കാണ്.
ഉദയ് കൊട്ടക്ക് ആണ് ഈ അപ്പാർട്മെന്റ് യൂണിറ്റുകൾ വാങ്ങിയത്. കടലിനെ നോക്കി സ്ഥിതി ചെയ്യുന്ന അപ്പാർട്മെന്റുകൾ കുടുംബാംഗങ്ങൾക്ക് വേണ്ടി കൂടിയാണ് വാങ്ങിയതെന്നാണ് വിവരം. ഒരു ചതുരശ്ര അടിക്ക് മാത്രം 2.7 ലക്ഷം രൂപയാണ് ഉദയ് കൊട്ടക് നൽകിയത്. ഇത്തരത്തിൽ എല്ലാ അപ്പാർട്മെന്റുകൾക്കും കൂടി 202 കോടി രൂപയാണ് ഉദയ് നൽകിയത് എന്നാണ് വിവരം. മുംബൈയിലെയും രാജ്യത്തെയും തന്നെ ഏറ്റവും വലിയ ഹൗസിങ് റിയൽ എസ്റ്റേറ്റ് ഡീൽ ആണിതെന്നാണ് വിവരം.
വിഐപികളും വ്യവസായ പ്രമുഖരും കൂടുതലായി താമസിക്കുന്ന മേഖലയാണ് വോർളി. ഇവിടെയാണ് ഉദയ് കൊട്ടക് അപ്പാർട്മെന്റുകൾ ഒരുമിച്ച് വാങ്ങിയത്. ജനുവരി 30നാണ് ഇത് സംബന്ധിച്ചുള്ള സാമ്പത്തിക ക്രയവിക്രയം നടന്നത്. സ്റ്റാമ്പ് ഡ്യൂട്ടിക്ക് മാത്രമായി 12 കോടിയും രജിസ്ട്രേഷൻ ഫീസ് മാത്രമായി മൂന്നര ലക്ഷം രൂപയുമാണ് കൊട്ടക് കുടുംബം നൽകിയത്.
Content Highlights: Kotak Family did the costliest real estate deal ever