
പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുമെന്ന് സൂചനകള്‍. സാഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്‍ പേജില്‍ 13 തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തേടി കമ്പനി പരസ്യം നല്‍കി. അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌കും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണായ നീക്കം.
കസ്റ്റമര്‍ സര്‍വീസ്, ബാക്ക് എന്‍ഡ് അടക്കം 13 തസ്തികകളിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചത്. സര്‍വീസ് ടെക്‌നീഷ്യന്‍, വിവിധ ഉപദേശക തസ്തികകള്‍ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും മുംബൈയിലും ഡല്‍ഹിയിലുമാണ്. കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകള്‍ മുംബൈയിലാണ്.
കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മസ്‌കുമായും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തിയത്. ടെസ്‌ല ഇന്ത്യയില്‍ സാന്നിധ്യം അറിയിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഇന്ത്യയുമായി ചര്‍ച്ച നടത്തിവരികയാണ്.എന്നാല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവയെ തുടര്‍ന്ന് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ ടെസ്‌ല നീട്ടിവെയ്ക്കുകയായിരുന്നു.
കഴിഞ്ഞ ബജറ്റില്‍ 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള ഉയര്‍ന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ ടെസ്ല വേഗത്തിലാക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Content Highlights: Tesla Begins Hiring In India After PM Modi-Elon Musk Meet In US