വരുന്നു കുപ്പിക്കള്ള്, ഒരു വർഷം മുഴുവൻ കേടുകൂടാതെ സൂക്ഷിക്കാം; നീക്കവുമായി ടോഡി ബോർഡ്

വിപണിയുടെ വ്യാപ്തി വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കേരള ടോഡി ബോര്‍ഡാണ് ഈ സംരംഭം അവതരിപ്പിക്കുന്നത്.

dot image

ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന കുപ്പികള്ള് പുറത്തിറക്കാനൊരുങ്ങുകയാണ് കേരള ടോഡി ബോര്‍ഡ്. നിലവില്‍ മൂന്ന് ദിവസം മാത്രമേ കള്ള് സൂക്ഷിക്കാന്‍ കഴിയൂ. പിന്നീടത് പുളിക്കുന്നതുമൂലം മൂന്ന് ദിവസം കഴിഞ്ഞാല്‍ ഇതിന് അമ്ലഗുണം ലഭിക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.


കള്ള് പുളിക്കുന്നത് നീട്ടിവെച്ച് കൂടുതല്‍ കാലത്തേക്ക് കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ടോഡി ബോര്‍ഡ് വികസിപ്പിക്കാനൊരുങ്ങുന്നത്. വിപണിയുടെ സാധ്യത വര്‍ധിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.

ബിയര്‍ ആകൃതിയിലുള്ള കുപ്പികളിലാണ് ഉല്‍പ്പന്നം വില്‍ക്കാന്‍ പ്ലാനിടുന്നത്. ആല്‍ക്കഹോള്‍ കണ്ടന്റിന്റെ അളവില്‍ മാറ്റം വരുത്താതെയും രുചിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയും 12 മാസം വരെ പുളിക്കുന്നത് നീട്ടി വയ്ക്കുന്നതുമായ ബയോടെക് രീതി നടപ്പിലാക്കുകയാണ് ഇവിടെ ചെയ്യുന്നത്.

'കള്ള് കുപ്പിയില്‍ മൂന്ന് ദിവസം കഴിയുമ്പോള്‍ അമ്ലത്വമുള്ളതായി മാറുന്നു. ആല്‍ക്കഹോള്‍ അളവ്, മണം, രുചി എന്നിവയെ ബാധിക്കാതെ കൂടുതല്‍ നേരം സൂക്ഷിക്കുന്നതിനുള്ള ഒരു രീതി ഞങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് വാണിജ്യ വിപണിയില്‍ കുപ്പി കള്ള് അവതരിപ്പിക്കാനും, കള്ള് ഷാപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, വ്യവസായം ശക്തിപ്പെടുത്താനും ഞങ്ങളെ അനുവദിക്കും,' ബോര്‍ഡ് ചെയര്‍മാന്‍ യു പി ജോസഫ് പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി,ബോര്‍ഡ് ചെയര്‍മാനും മുതിര്‍ന്ന ബോര്‍ഡ് ഉദ്യോഗസ്ഥരും കളമശ്ശേരിയിലെ കിന്‍ഫ്ര ബയോടെക്‌നോളജി ഇന്‍കുബേഷന്‍ സെന്ററിലെ സ്‌കോപ്പ്ഫുള്‍ ബയോ റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് സന്ദര്‍ശിക്കുകയും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത കുപ്പി കള്ള് പരിശോധിക്കുകയും ചെയ്തു.


Content Highlights :The Kerala Toddy Board is planning to launch toddy that can be kept intact for up to a year

dot image
To advertise here,contact us
dot image