
ലോകപ്രശസ്ത vfx കമ്പനിയായ ടെക്‌നികളര്‍ തകര്‍ച്ചയിലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി ഇന്ത്യന്‍ മേധാവി ബിരേന്‍ ഘോഷ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഒരു ഓണ്‍ലൈന്‍ മീറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കിയത്.
ഇന്ത്യയിലെ ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്‌സ് വ്യവസായത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട്, 'ടെക്നികളര്‍' ഇന്ത്യ ആയിരക്കണക്കിന് ജീവനക്കാരെ അവസാനമാസങ്ങളിലെ ശമ്പളം പോലും നല്‍കാതെ പിരിച്ചു വിട്ടിരുന്നു. പാരീസ് ആസ്ഥാനമായുളള ആനിമേഷന്‍ കമ്പനിയായ 'ടെക്നികളര്‍' ഗ്രൂപ്പ് പൂര്‍ണ്ണ തകര്‍ച്ചയുടെ വക്കിലെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എംപിസി, മിക്‌റോസ് ആനിമേഷന്‍, ദി മില്‍ തുടങ്ങി അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളിലെല്ലാം നിരവധി വിഷ്വല്‍ എഫക്ട്‌സ് സ്റ്റുഡിയോകളുടെ ഉടമസ്ഥരാണ് ടെക്‌നികളര്‍ ഗ്രൂപ്പ്.
ടെക്‌നികളറിന്റെ ഇന്ത്യന്‍ ഡിവിഷന്‍ ഒരു ആഗോള ഡെലിവറി കേന്ദ്രമായി മാത്രം പ്രവര്‍ത്തിക്കുന്നതാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ മേധാവി ബിരേന്‍ ഘോഷ് ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്.നിരവധി മാസങ്ങളായി പ്രവര്‍ത്തന ഫണ്ടുകള്‍ക്കായി മാതൃ കമ്പനിയോട് നിരന്തരമായും അടിയന്തിരവുമായി അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടും മാതൃ കമ്പനി ഇന്ത്യന്‍ പ്രവര്‍ത്തനത്തിന് പണം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് ഘോഷ് വെളിപ്പെടുത്തി. 'മാതൃ കമ്പനി ഈ ഫണ്ടുകള്‍ അനുവദിച്ചില്ലെങ്കില്‍, ശമ്പളമോ മറ്റ് കുടിശ്ശികകളോ നല്‍കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ ഓഫീസുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കിയിരിക്കുകയാണ്. എല്ലാ ജീവനക്കാരോടും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വര്‍ക്ക്‌സ്റ്റേഷനുകളിലെ സ്വകാര്യ വസ്തുക്കള്‍ എടുക്കാന്‍ ജീവനക്കാര്‍ക്ക് ഒരു ദിവസം നിര്‍ദ്ദേശിക്കും. ജീവനക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ഘോഷ് ഒരു ചെറിയ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
'നിങ്ങളുടെ മാനേജ്‌മെന്റ് ടീമും ഇന്ത്യയിലെ നേതാവും എന്ന നിലയില്‍ എനിക്ക് സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ല. എന്നിരുന്നാലും, നിങ്ങള്‍ നിയമനടപടി സ്വീകരിച്ചാല്‍ ക്ലയന്റുകളുമായും സാധ്യതയുള്ള പങ്കാളികളുമായും നടത്തുന്ന സംഭാഷണങ്ങളിലൂടെ ഏതെങ്കിലും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് അത് തടസ്സമായേക്കാം. ഞങ്ങള്‍ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല, പക്ഷേ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം', അദ്ദേഹം പറഞ്ഞു. പല ജീവനക്കാരും ദുരിതത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'പാരീസ് ആസ്ഥാനമായുള്ള ടെക്‌നികളറിന്റെ അന്താരാഷ്ട്ര സൈറ്റുകളുടെ ഒരു ഉല്‍പ്പാദന കേന്ദ്രമായി മാത്രമാണ് ഇന്ത്യയിലെ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ധനകാര്യം, അക്കൗണ്ടിംഗ്, സാങ്കേതികവിദ്യ, എച്ച്ആര്‍, ഓര്‍ഗനൈസേഷന്റെ മറ്റ് പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം പാരീസ് ആസ്ഥാനമാണ് സമ്പൂര്‍ണ്ണ നിയന്ത്രണം നിലനിര്‍ത്തുന്നത്,' അദ്ദേഹം പറഞ്ഞു. ഇന്ത്യ വിവിധ ആഗോള സൈറ്റുകള്‍ക്കായി പ്രവര്‍ത്തിക്കുകയും പ്രോഡക്ടുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. പാരീസ് ആസ്ഥാനമായുള്ള മാതൃ കമ്പനി ലോകമെമ്പാടുമുള്ള തങ്ങളുടെ ക്ലയന്റുകളുമായി ഇടപെടുന്നു. തങ്ങള്‍ അവര്‍ക്കെല്ലാം പ്രോഡക്ടുകളും ഇന്‍വോയ്‌സും നല്‍കുന്നു. അവര്‍ തങ്ങള്‍ക്ക് പണം നല്‍കുന്നു ഇങ്ങനെയാണ് ടെക്‌നികളറിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവര്‍ത്തനം പെട്ടെന്ന് അവസാനിപ്പിച്ചത് ഫെബ്രുവരിമാസത്തെ ശമ്പളം, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ സംഭാവനകളെയും മറ്റ് നിയമപരമായ അവകാശങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ ടെക്‌നികളറിന്റെ ആഗോള സാമ്പത്തിക രംഗം, കോര്‍പ്പറേറ്റ് ഭരണ രീതികള്‍, ഇന്ത്യന്‍ തൊഴിലാളികളോടുള്ള ധാര്‍മ്മിക പ്രതിബദ്ധത എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് വ്യവസായ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
Content Highlights : Collapse of vfx company 'Technicolor'. The Indian chief shared his concern over the operation