ഐആർസിടിസിക്കും ഐആർഎഫ്‌സിക്കും കേന്ദ്രസർക്കാർ നൽകിയ നവരത്‌ന പദവി എന്താണ്? എന്താണ് നേട്ടങ്ങൾ?

സിപിഎസ്ഇ ലിസ്റ്റിൽ 25-ാമത്തെയും 26-ാമത്തെയും നവരത്‌നങ്ങളായിട്ടാണ് ഐആർസിടിസിയും ഐആർഎഫ്സിയും ഇടം പിടിച്ചത്

dot image

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (IRCTC) ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷനും (IRFC) നവരത്‌ന സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസ് (CPSE) കാറ്റഗറിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവ് കേന്ദ്രം പുറത്തിറക്കിയത്.

ഇതോടെ ഇരു കോർപ്പറേഷനുകൾക്കും കൂടുതൽ സാമ്പത്തിക സ്വയംഭരണാവകാശവും സർക്കാർ അനുമതിയില്ലാതെ 1,000 കോടി രൂപ വരെ നിക്ഷേപിക്കാനുള്ള കഴിവും ലഭിക്കും. ഇന്ത്യൻ റെയിൽവേയുടെ കൂടുതൽ വികസനത്തിന് ഈ നീക്കം കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കി.

ഇന്ത്യൻ റെയിൽവേ കമ്പനികളുടെ മത്സരശേഷിയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആധുനികവൽക്കരണ ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതിനുമാണ് ഈ നവരത്‌ന സിപിഎസ്ഇ പദവി നൽകിയിരിക്കുന്നത്.

സിപിഎസ്ഇ ലിസ്റ്റിൽ 25-ാമത്തെയും 26-ാമത്തെയും നവരത്‌നങ്ങളായിട്ടാണ് ഐആർസിടിസിയും ഐആർഎഫ്സിയും ഇടം പിടിച്ചത്. സിപിഎസ്ഇകളെ പ്രധാനമായും മൂന്ന് ഗ്രൂപ്പുകളായാണ് തരം തിരിച്ചിരിക്കുന്നത്. മഹാരത്ന, നവരത്ന, മിനിരത്ന എന്നിവയാണത്. പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ മത്സരാധിഷ്ഠിതവും കാര്യക്ഷമവുമാക്കുക എന്നതാണ് ഇതിലൂടെ കേന്ദ്രത്തിന്റെ ലക്ഷ്യം.

1986 ൽ സ്ഥാപിതമായ ഐആർഎഫ്സി, ഇന്ത്യൻ റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ആധുനികവൽക്കരണ പദ്ധതികൾക്കും ഫണ്ട് സമാഹരിക്കുന്നതിനാണ് പ്രാഥമികമായി ലക്ഷ്യം വെച്ചത് 1999 ലാണ് ഐആർസിടിസി സ്ഥാപിതമായത്. ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റിംഗ്, കാറ്ററിംഗ്, ടൂറിസം സേവനങ്ങൾ എന്നിവയാണ് ഐആർസിടിസി കൈകാര്യം ചെയ്യുന്നത്.

Content Highlights: What is Navratna status given by central government to IRCTC and IRFC?

dot image
To advertise here,contact us
dot image