
ഇന്ത്യക്കാരുടെ കയ്യിലുള്ള സ്വര്‍ണത്തിന്റെ അളവ് ലോകത്തിലെ മുന്‍നിര സെന്‍ട്രല്‍ ബാങ്കുകളേക്കാള്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കുടുംബങ്ങളുടെ മൊത്തം സ്വര്‍ണശേഖരം 25,000 ടണ്‍ വരുമെന്നാണ് വെള്ളിയാഴ്ച പുറത്തുവന്ന എച്ച്എസ്ബിസി ഗ്ലോബലിന്റെ പഠന റിപ്പോര്‍ട്ടിലുള്ളത്. ഇത് ലോകത്തിലെ തന്നെ മുന്‍നിരയിലുള്ള 10 സെന്‍ട്രല്‍ ബാങ്കുകളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ്.
രാജ്യത്തിന്റെ സമ്പാദ്യ, നിക്ഷേപ സ്ട്രാറ്റജികളില്‍ സ്വര്‍ണത്തിനുള്ള നിര്‍ണായക പങ്ക് അടിവരയിടുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. യുഎസ്, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, റഷ്യ, ചൈന, സ്വിറ്റസര്‍ലാന്‍ഡ്, ഇന്ത്യ, ജപ്പാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളുടെ പക്കലുള്ള സ്വര്‍ണത്തേക്കാള്‍ കൂടുതലാണ് ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2024 ഡിസംബറിലെ കണക്ക് പ്രകാരം ഇന്ത്യന്‍ സെന്‍ട്രല്‍ ബാങ്കിന്റ അതായത് ആര്‍ബിഐയുടെ കൈവശമുള്ളത് 876.18 ടണ്‍ സ്വര്‍ണശേഖരമാണ്.
സമ്പാദ്യമെന്ന രീതിയില്‍ പണ്ടു മുതല്‍ തന്നെ ഇന്ത്യന്‍ കുടുംബങ്ങള്‍ സ്വര്‍ണം ശേഖരിക്കുന്നുണ്ട്. വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമൊക്കെയായി സ്വര്‍ണം വാങ്ങുന്നത് കൂടാതെ, ബാങ്കിങ് ആസ്തികള്‍ക്ക് പകരമായും സ്വര്‍ണം ഉപയോഗിക്കുന്നവരാണ് ഇന്ത്യയില്‍ ഭൂരിഭാഗവുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം നിലവില്‍ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. നിലവില്‍ 66,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 8360 രൂപയും നല്‍കണം.
Content Highlights: India’s Gold Hoard, Households Own More Than Top 10 Central Banks Combined, Says HSBC Report