
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയില്‍ കൂട്ടപ്പിരിച്ചുവിടല്‍. ജോലി നല്‍കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് 600 കസ്റ്റമര്‍ സപ്പോര്‍ട്ട് അസോസിയേറ്റുകളെ പിരിച്ചുവിട്ടത്. കമ്പനിയുടെ വളര്‍ച്ച മന്ദഗതിയിലാവുകയും ക്വിക് കൊമേഴ്‌സ് ഡിവിഷനായ ബ്ലിങ്കിറ്റില്‍ നഷ്ടമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് കൂട്ടപ്പിരിച്ചുവിടല്‍ എന്നാണ് വിവരം. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കസ്റ്റമര്‍ സപ്പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ക്കായി എഐയെയാണ് സൊമാറ്റോ കൂടുതല്‍ ആശ്രയിക്കുന്നത്.
ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊമാറ്റോ ഒരുവര്‍ഷം മുന്‍പാണ് സൊമാറ്റോ അസോസിയേറ്റ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന് (ZAAP) കീഴില്‍ 1500 ജീവനക്കാരെ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തില്‍ നിയമിച്ചത്. ഒരുവര്‍ഷത്തിനുളളില്‍ സെയില്‍സ്, ഓപ്പറേഷന്‍സ്, പ്രോഗ്രാം മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ തുടങ്ങിയ തസ്തികകളിലേക്ക് പ്രമോഷന്‍ നല്‍കാമെന്നും കമ്പനി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ മിക്കവരെയും പിരിച്ചുവിടുകയായിരുന്നു. ഒരുമാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പിരിച്ചുവിടലെന്നും സമയനിഷ്ട പാലിക്കുന്നില്ല, മോശം പ്രകടനം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് പിരീയഡ് പോലുമില്ലാതെയായിരുന്നു കമ്പനിയുടെ നടപടിയെന്നും പുറത്താക്കപ്പെട്ട ജീവനക്കാര്‍ പറയുന്നു.
സൊമാറ്റോ അടുത്തിടെ നഗ്ഗറ്റ് എന്ന പേരില്‍ എഐ പവേര്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട് ആരംഭിച്ചിരുന്നു. നഗ്ഗറ്റ് സൊമാറ്റോ, ബ്ലിങ്കിറ്റ്, ഹൈപ്പര്‍പ്യൂര്‍ എന്നിവയ്ക്കായി പ്രതിമാസം 15 ദശലക്ഷത്തിലധികം കസ്റ്റമര്‍ സപ്പോര്‍ട്ട് ഇന്ററാക്ഷന്‍സ് നടത്തുന്നുണ്ട്. സൊമാറ്റോ തങ്ങളുടെ കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനുളള ശ്രമം ജോലിയില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമായി എന്നാണ് ജീവനക്കാരുടെ ആരോപണം.
Content Highlight: Zomato lays off 600 employees