
അന്താരാഷ്ട്ര കമ്പനിയായ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിന്റെ മാർക്കറ്റ്‌പ്ലേസ് വിഭാഗമായ ഫ്ലിപ്കാർട്ട് ഇന്റർനെറ്റിന് കോടികളുടെ ഫണ്ടിങ്. സിംഗപ്പൂർ ആസ്ഥാനമായ മാതൃകമ്പനിയിൽ നിന്ന് 3,248.9 കോടി രൂപയുടെ ആന്തരിക ഫണ്ടിംഗ് ആണ് കമ്പനിക്ക് ലഭിച്ചതെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഒരു വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ ഐപിഒയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് കമ്പനിക്ക് മൂവായിരം കോടിയിലധികം രൂപയുടെ ആന്തരിക ഫണ്ടിങ് ലഭിക്കുന്നത്. അവകാശ ഓഹരി വിൽപ്പനയിലൂടെയാണ് ഫ്ലിപ്കാർട് ഇന്റർനെറ്റ് ഫണ്ട് സമാഹരിച്ചത്. ഒരു ഓഹരിക്ക് 69,013.70 രൂപ നിരക്കിൽ 470,772 ഇക്വിറ്റി ഓഹരികൾ ആണ് കമ്പനിയുടെ ബോർഡ് ഫ്‌ലിപ്കാർട്ട് മാർക്കറ്റ്‌പ്ലേസ് പ്രൈവറ്റ് ലിമിറ്റഡിന് അനുവദിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഫ്ലിപ്കാർട്ടിന്റെ നഷ്ടം കുറയുകയും വരുമാനം വർധിക്കുകയും ചെയ്തിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് 17,907.3 കോടി രൂപയുടെ വരുമാനമാണ് റിപ്പോർട്ട് ചെയ്തത്., ഇത് ഏകദേശം 21% വാർഷിക വളർച്ചയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ നഷ്ടം 41% കുറഞ്ഞ് 2,358 കോടി രൂപയായി.
ഫ്ലിപ്കാർട്ട് തങ്ങളുടെ ഇന്ത്യയിലെ ബിസിനസ്സ് ഒന്നിലധികം സ്ഥാപനങ്ങളിലൂടെയാണ് നടത്തുന്നത്. അടുത്ത 12 മുതൽ 15 മാസത്തിനുള്ളിൽ ഇന്ത്യയിൽ ഐപിഒ നടത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയ്ക്ക് സമാനമായിഫ്ലിപ്കാർട് മിനിറ്റ്‌സ് എന്ന സംവിധാനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. പലചരക്ക് സാധനങ്ങൾ, ഇലക്ട്രോണിക്‌സ് സാധനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ വേഗത്തിലുള്ള ഡെലിവറികൾ എന്നതാണ് ഇതിന്റെ ലക്ഷ്യം.
Content Highlights: Flipkart gets more funding Received Rs 3249 crore from parent company