ഇന്നും ഇടിവ്; സ്വര്‍ണ വില കുത്തനെ താഴോട്ട്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

dot image

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഗ്രാമിന് 90 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്. പവന് വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. ഇതോടെ സ്വര്‍ണവില വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടക്കുകയായിരുന്നു.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

ഇതിനിടെ സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞേല്‍ക്കുമെന്ന പ്രവചനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.അമേരിക്കന്‍ ധനകാര്യസ്ഥാപനമായ മോണിങ്സ്റ്ററിലെ മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോണ്‍ മില്‍സ് ആണ് സ്വര്‍ണത്തിന്റെ വില 38 ശതമാനത്തോളം കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്. സ്വര്‍ണ്ണം ഔണ്‍സിന് 1,820 ഡോളറായി കുറയുമെന്നാണ് ജോണിന്റെ പ്രവചനം. നിലവില്‍ ഔണ്‍സിന് 3080 ഡോളറാണ് വില. ആഗോളതലത്തില്‍ ഉണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം, സാമ്പത്തിക അസ്ഥിരത, പണപ്പെരുപ്പ ആശങ്കകള്‍ എന്നിവയാണ് നിലവില്‍ സ്വര്‍ണത്തിന് വില കൂടാന്‍ കാരണമായത്. ഇതിന് പുറമെ ട്രംപ് വീണ്ടും അധികാരത്തില്‍ ഏറിയതോടെ നടത്തിയ സാമ്പത്തിക പരീക്ഷണങ്ങളില്‍ ആശങ്കയുള്ള നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി വാങ്ങിക്കൂട്ടിയതും വില കൂട്ടി.

എന്നാല്‍ ഈ സ്ഥിതിക്ക് മാറ്റം വരുമെന്നാണ് ജോണ്‍ മില്‍സ് വിലയിരുത്തുന്നത്. വില കുറയുന്നതിനായി മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ജോണ്‍ മില്‍സ് ചൂണ്ടിക്കാട്ടുന്നത്. ഒന്ന് നിലവില്‍ സ്വര്‍ണത്തിന് ലഭിക്കാവുന്നതിന്റെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പന നടക്കുന്നത്. ഇത് കൂടുതലായി സ്വര്‍ണ ഉത്പാദനത്തിന് കാരണമായി. ഒരു വര്‍ഷം കൊണ്ട് ആഗോള സ്വര്‍ണ്ണ ശേഖരം 9% വര്‍ധിച്ച് 2,16,265 ടണ്ണായി മാറിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉത്പാദനം വര്‍ധിച്ചത്. ഉത്പാദനം വര്‍ധിച്ചതോടെ വിപണി നിയന്ത്രിക്കാന്‍ സാധനത്തിന്റെ വില കുറയും.

രണ്ടാമതായി ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് കുറയുന്നതാണ്. വിവിധ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും വലിയ രീതിയില്‍ സ്വര്‍ണം സ്വന്തമാക്കുന്നുണ്ടെങ്കിലും ആവശ്യത്തില്‍ കൂടുതല്‍ സ്വര്‍ണം ഇതിനോടകം നിക്ഷേപമായി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം കേന്ദ്രബാങ്കുകള്‍ 1045 ടണ്‍ സ്വര്‍ണം വാങ്ങിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുകൊണ്ട് തന്നെ സ്വര്‍ണം ഇനിയും റിസര്‍വ് ആയി വാങ്ങിവെക്കാനുള്ള സാധ്യതകള്‍ കുറവാണ്. സാമ്പത്തികമാന്ദ്യ സാധ്യതയാണ് മൂന്നാമതായി സൂചിപ്പിക്കുന്നത്.

Content Highlights: Gold Price Today

dot image
To advertise here,contact us
dot image