
ഓഹരി വിപണിയില്‍ കൂപ്പുകുത്തി സൊമാറ്റോ. വ്യാഴാഴ്ച സൊമാറ്റോയുടെ (എറ്റേണല്‍സ്) ഓഹരികള്‍ 1.50 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ദിവസം ക്ലോസിംഗ് സമയത്ത് 239.24 രൂപയായിരുന്ന ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് ഓഹരി വില 235.23 രൂപയിലാണ് വ്യാപാരം നടന്നത്.
ഫുഡ്-ടെക് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാകേഷ് രഞ്ജന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്. പകരക്കാരനായി ആരെയെങ്കിലും നിയമിക്കുന്നതുവരെ വരും മാസങ്ങളില്‍ സിഇഒ ദീപീന്ദര്‍ ഗോയല്‍ ഭക്ഷ്യ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, 2023 ജൂണില്‍ സിഇഒ ആയി ചുമതലയേറ്റ രഞ്ജന്‍ കമ്പനിയില്‍ തന്നെ തുടരുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട് പക്ഷേ നിലവിലെ ചുമതലകളില്‍ നിന്ന് മാറും. സൊമാറ്റോയുടെ പതിവ് നേതൃത്വ പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് കമ്പനി അധീകൃതര്‍ പറയുന്നത്.
അതിനിടെ ഏഴുദിവസത്തെ റാലിയ്ക്ക് ശേഷം ഇന്ന് ഓഹരി വിപണി നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്സ് 300 ഓളം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് വിപണിയില്‍ പ്രതിഫലിച്ചത്.
Content Highlights: Zomato Shares Down 1.5% As Food Delivery CEO Rakesh Ranjan Steps Down