'2075 ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകും'; റിപ്പോർട്ട്

'ടെക്നോളജിയിലും സാങ്കേതികതയിലും ഇന്ത്യ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്'

dot image

ന്യൂഡൽഹി: 2075 ഓടെ ഇന്ത്യ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്. അന്ന് 52.5 ട്രില്ല്യൺ ഡോളർ മൂല്യമായിരിക്കും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്കെന്ന് ഗോൾഡ്മാൻ സാച്ച്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് യുഎസിനേക്കാൾ വലുതും ചൈനയുടേതിന് തൊട്ടുപിന്നിലുമായിരിക്കും. 1.4 ബില്ല്യൺ ജനസംഖ്യയുളള ഇന്ത്യയുടെ ജിഡിപിയില് നാടകീയമായ വളർച്ചയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സമ്പദ് വ്യവസ്ഥയിൽ മുന്നിട്ട് നിൽക്കാൻ ഇന്ത്യ വർധിച്ചുവരുന്ന ജനസംഖ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ഗോൾഡ്മാൻ സാച്ച്സ് റിസർച്ചിന്റെ ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ സാന്തനു സെൻഗുപ്ത പറഞ്ഞു. തൊഴിൽ മേഖലകളിൽ പങ്കാളിത്തം വർധിപ്പിക്കണം. ആളുകളുടെ കഴിവുകളെ പരിശീലിപ്പിക്കുകയും വൈദഗ്ധ്യം നേടുകയും വേണമെന്ന് സാന്തനു സെൻഗുപ്ത കൂട്ടിച്ചേർത്തു.

അടുത്ത രണ്ട് ദശാബ്ദങ്ങളിൽ ഇന്ത്യയുടെ ആശ്രയത്വ അനുപാതം പ്രാദേശിക സമ്പദ്വ്യവസ്ഥ എടുത്തുനോക്കുകയാണെങ്കിൽ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കും. ഇത് ഇന്ത്യയുടെ ഉൽപ്പാദന ശേഷി സജ്ജീകരിക്കാനും സേവനങ്ങൾ വളർത്താനും അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയ്ക്കും സഹായിക്കും. ജോലി ചെയ്യുന്നവരുടെ എണ്ണവും കുട്ടികളുടേയും മുതിർന്നവരുടേയും എണ്ണവും തമ്മിലുളള മികച്ച അനുപാതമാണ് ഇന്ത്യയിലുളളതെന്നും സെൻഗുപ്ത പറഞ്ഞു.

ടെക്നോളജിയിലും സാങ്കേതികതയിലും ഇന്ത്യ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. രാജ്യത്തിന് അതിന്റേതായ ജനസംഖ്യാശാസ്ത്രമുണ്ട്. പക്ഷേ അത് ജിഡിപിയെ നിയന്ത്രിക്കാൻ പോകുന്നില്ല. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയ്ക്കായി നവീകരണവും തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കലും പ്രധാനമാണ്, റിപ്പോർട്ടിൽ പറയുന്നു.

മൂലധന നിക്ഷേപം മുന്നോട്ടുളള വളർച്ചയ്ക്ക് ഒരു പ്രധാന പ്രേരകമായി മാറും. വരുമാനം വർദ്ധിക്കുന്നതും സാമ്പത്തിക മേഖലയുടെ വികസനവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് സാധ്യത കൂട്ടുന്നു. കൂടുതൽ നിക്ഷേപം നടത്തുന്നതിന് മൂലധന ശേഖരം ലഭ്യമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് വിശദമാക്കുന്നു.

തൊഴിൽ പങ്കാളിത്തം വർധിപ്പിച്ചില്ലെങ്കിൽ ഇന്ത്യയുടെ വലിയ അവസരം നഷ്ടമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 15 വർഷമായി ഇന്ത്യയിലെ തൊഴിൽ പങ്കാളിത്ത നിരക്ക് കുറവാണ്. പുരുഷ തൊഴിലാളികളേക്കാൾ കുറവാണ് തൊഴിൽ മേഖലകളിലെ സ്ത്രീകളുടെ പ്രാതിനിധ്യം. തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കാനായാൽ ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

dot image
To advertise here,contact us
dot image