ഏഷ്യയിലെ ഏറ്റവും 'സമ്പന്നമായ ഗ്രാമം' ഇന്ത്യയിൽ: ഗുജറാത്തിലെ 'മധാപുർ' സ്പെഷ്യലാണ്

സാമ്പത്തിക അഭിവൃദ്ധിക്കായി നാട് വിട്ട് അന്യനാട്ടിലെത്തി ജീവിതം കരുപ്പിടിപ്പിക്കുന്ന എല്ലാ പ്രവാസികൾക്കും മാതൃകയാകുന്നുണ്ട് മധാപുരിലെ പ്രവാസികളുടെ സ്വന്തം ഗ്രാമത്തോടുള്ള കരുതൽ

dot image

രാജ്യത്തെ തന്നെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഗുജറാത്തിൻ്റെ സാമ്പത്തിക പിൻബലത്തിൻ്റെ കരുത്ത് പരമ്പരാഗതമായി ഗുജറാത്തികൾ വേരുറപ്പിച്ച കച്ചവട മേഖലകളും പിന്നീട് ഉയർന്നുവന്ന വ്യാവസായികമായ രംഗവുമൊക്കെയാണ്. രാജ്യത്തെ പ്രമുഖ വ്യവസായശാലകൾ പലതും ഗുജറാത്തിൻ്റെ സാമ്പത്തിക സമൃദ്ധിയുടെ അടയാളങ്ങളാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ പശ്ചാത്തലത്തിൽ സാമ്പത്തികമായി മുന്നേറ്റമുണ്ടാക്കിയ ഒരു ഗ്രാമം ഗുജറാത്തിലുണ്ട്. ഏഷ്യയിലെ ഏറ്റവും 'സമ്പന്നമായ ഗ്രാമ'മാണ് മധാപുർ. മധാപുരിൻ്റെ സാമ്പത്തിക ശേഷിക്ക് പിന്നിൽ രസകരമായൊരു കൗതുകമുണ്ട്.

സാമ്പത്തിക സമൃദ്ധിയുടെ 'മധാപുർ'

ഗുജറാത്തിലെ കച്ച് ജില്ലയുടെ തലസ്ഥാനമായ ഭുജ്ജ് നഗരത്തിൻ്റെ പുറത്തുള്ള ഒരു ഗ്രാമമാണ് മധാപുർ. മധാപുരിലെ ജനസംഖ്യ ഏതാണ്ട് 32,000 ആണെന്നാണ് കണക്ക്. ഇവരിൽ ഭൂരിപക്ഷവും പട്ടേൽ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഈ കൊച്ചുഗ്രാമത്തിൽ ഉള്ള ബാങ്കുകളുടെ എണ്ണമാണ് ആരെയും അത്ഭുതപ്പെടുത്തുക. 17 ബാങ്കുകളുടെ ശാഖകളാണ് ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, പിഎൻബി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ പ്രധാന പൊതു-സ്വകാര്യ ബാങ്കുകളുടെയെല്ലാം ശാഖകൾ ഇവിടെയുണ്ട്. മധാപുരിനെ സമ്പന്നമാക്കുന്നതിൽ ഈ ബാങ്കുകൾക്കുള്ള പ്രധാന്യവും എടുത്ത് പറയേണ്ടതാണ്. ഈ ബാങ്കുകളിലായി ഏതാണ്ട് 7000 കോടി രൂപയുടെ നിക്ഷേപങ്ങളുണ്ടെന്നാണ് കണക്ക്. ഈ നിക്ഷേപങ്ങളാണ് യഥാർത്ഥത്തിൽ മധാപുരിനെ സമ്പന്നമാക്കുന്നത്.

ഈ ഗ്രാമത്തെ സമ്പന്നമാക്കുന്ന നിക്ഷേപങ്ങൾക്ക് പിന്നിലെന്താണ് എന്നതും കൗതുകകരമാണ്. ഈ ഗ്രാമത്തിലെ പ്രവാസി ഇന്ത്യക്കാരാണ് മധാപുരിലെ സമ്പത്തിനും കോടികളുടെ ബാങ്ക് നിക്ഷേപങ്ങൾക്കും കരുത്താകുന്നത്. ഇവിടുത്തെ ഏകദേശം 20,000 കുടുംബങ്ങളിൽ 1200 കുടുംബങ്ങളും വിദേശത്താണ് താമസിക്കുന്നത്. പ്രധാനമായും മധാപറിലെ പ്രവാസികൾ വാസമുറപ്പിച്ചിരിക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്. പൊതുവെ മധ്യആഫ്രിക്കയിലെ നിർമ്മാണ മേഖലയിൽ ഗുജറാത്തികൾക്ക് വലിയ പ്രാധാന്യമുണ്ട്. യുകെ, ഓസ്ട്രേലിയ, അമേരിക്ക, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഗുജറാത്തികളുടെ സാന്നിധ്യമുണ്ട്.

എന്നാൽ മധാപുരിലെ പ്രവാസികളുടെ സവിശേഷമായ തീരുമാനമാണ് ഈ ഗ്രാമത്തെ ഈ നിലയിൽ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമമാക്കി മാറ്റുന്നത്. വിദേശത്താണെങ്കിലും സ്വന്തം സമ്പാദ്യം ഗ്രാമത്തിലെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും അടക്കം നിക്ഷേപിക്കുന്ന ഇവരുടെ ശീലമാണ് മധാപുരിനെ സമ്പന്നമാക്കുന്നത്. കോടികളുടെ ഈ നിക്ഷേപം ഗ്രാമത്തെയും സമൃദ്ധിയുടെ കേന്ദ്രമാക്കുന്നുണ്ട്. ഗ്രാമത്തിൻ്റെ വികസനത്തിനും പുരോഗതിക്കുമായി പ്രവാസികൾ കൈകോർക്കുകയും ചെയ്യുന്നുണ്ട്. റോഡ്, ശുചീകരണം, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മധാപുർ മികച്ചതാണ്. രമ്യഹർമ്യങ്ങളും പൊതു-സ്വകാര്യ സ്കൂളുകളും ഈ ഗ്രാമത്തിൻ്റെ സാമ്പത്തിക മുന്നേറ്റത്തിൻ്റെ പ്രതീകങ്ങളാകുന്നുണ്ട്. തടാകങ്ങളും ആരാധനാലയങ്ങളുമെല്ലാമായി മധാപുർ അതിൻ്റെ പ്രൗഢി വിളിച്ചു പറയുന്നുണ്ട്. സാമ്പത്തിക അഭിവൃദ്ധിക്കായി നാട് വിട്ട് അന്യനാട്ടിലെത്തി ജീവിതം കരുപ്പിടിപ്പിക്കുന്ന എല്ലാ പ്രവാസികൾക്കും മാതൃകയാകുന്നുണ്ട് മധാപുരിലെ പ്രവാസികളുടെ സ്വന്തം ഗ്രാമത്തോടുള്ള കരുതൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us