ചില യുപിഐ ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തിയ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുടെ നടപടി സെപ്റ്റംബർ 16 മുതൽ പ്രാബല്യത്തിൽ വന്നു. യുപിഐ വഴി ഉയർന്ന തുകയ്ക്കുള്ള ഇടപാടുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാണ് ഈ മാറ്റമെന്നാണ് കണക്കാക്കുന്നത്. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആഗസ്ത് 24ൽ പുറത്തിറക്കിയ സർക്കുലറിലാണ് ഈ മാറ്റം സംബന്ധിച്ച് അറിയിപ്പ് നൽകിയത്.
ഇത് പ്രകാരം നികുതി പേയ്‌മെൻ്റുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പണമിടപാടുകൾ, ഐപിഒകളിലെയും ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീമുകളിലെയും നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണ് യുപിഐ പരിധി 5 ലക്ഷം രൂപയായി വർദ്ധിപ്പിച്ചിരിക്കുന്നത്. നിലവിൽ സ്റ്റാൻഡേർഡ് യുപിഐ ഇടപാട് പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം രൂപയാണ്. എന്നാൽ മൂലധന വിപണികൾ, കളക്ഷനുകൾ, ഇൻഷുറൻസ്, വിദേശ ഇൻവാർഡ് റെമിറ്റൻസ് എന്നിവ പോലുള്ള പ്രത്യേക വിഭാഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയുടെ ഉയർന്ന പരിധിയുമാണ് നിലവിലുള്ളത്.
ബാങ്കുകളും പേയ്‌മെൻ്റ് സേവന ദാതാക്കളും (പിഎസ്‌പി) യുപിഐ ആപ്പുകളും അനുബന്ധത്തിൽ വ്യക്തമാക്കിയിട്ടുള്ള വെരിഫൈഡ് വ്യാപാരികളുടെ വിഭാഗങ്ങൾക്കുള്ള ഓരോ ഇടപാട് പരിധിയും അപ്‌ഡേറ്റ് ചെയ്യണമെന്ന വ്യവസ്ഥയും എൻപിസിഐ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. 'എംസിസി-9311' എന്നതിന് കീഴിൽ തരംതിരിക്കപ്പെട്ട വ്യാപാരികൾ മാത്രം നികുതി പേയ്‌മെൻ്റുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സർക്കുലർ നിർദ്ദേശിച്ചിരുന്നു. നികുതി പേയ്‌മെൻ്റുകൾക്കായി പുതിയതായി ഉയർത്തിയ പരിധി വരെയുള്ള തുക പേയ്മെൻ്റ് ഓപ്ഷനാക്കി വ്യാപാരികൾ യുപിഐ പ്രവർത്തനക്ഷമമാക്കണമെന്നും സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പേയ്‌മെൻ്റ് രീതിയിൽ യുപിഐ ഇടപാടുകൾക്ക് വർദ്ധിച്ച് വരുന്ന ജനപ്രീതി കണക്കിലെടുത്താണ് പരിധി ഉയർത്താനുള്ള തീരുമാനം കൈകൊണ്ടതെന്നാണ് എൻപിസിഐ വ്യക്തമാക്കുന്നത്.
ബാങ്കുകൾ, പേയ്‌മെൻ്റ് സേവന ദാതാക്കൾ, യുപിഐ ആപ്പുകൾ എന്നിവയുൾപ്പെടെ പേയ്‌മെൻ്റ് ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികളോടും പുതിയ ഇടപാട് പരിധികൾ ഉൾക്കൊള്ളുന്നതിനായി അവരുടെ സംവിധാനങ്ങൾ അപ്‌ഡേറ്റ് ചെയ്തുവെന്ന് ഉറപ്പാക്കണമെന്നും എൻപിസിഐ അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിലെ പരിധി ഉയർത്താനുള്ള തീരുമാനം ഉയർന്ന തുകയ്ക്കുള്ള ഇടപാടുകൾ കാര്യക്ഷമമാക്കുമെന്നും ഗണ്യമായ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് കൂടുതൽ സാധ്യതകൾ നൽകുമെന്നും പ്രതീക്ഷിക്കുന്നതായി എൻപിസിഐ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പരിധിക്ക് കീഴിലുള്ള സുഗമമായ ഇടപാടുകൾ ഉറപ്പാക്കുന്നതിനായി ഉപയോക്താക്കൾ അവരുടെ നിർദ്ദിഷ്ട ഇടപാടുകൾക്ക് വർദ്ധിച്ച പരിധി ബാധകമാണോയെന്ന് അവരുടെ ബാങ്കുകളുമായും യുപിഐ സേവന ദാതാക്കളുമായും ബന്ധപ്പെട്ട് പരിശോധിക്കണമെന്നും എൻപിസിഐ നിർദ്ദേശിച്ചിട്ടുണ്ട്.