പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (ഇഎസി-പിഎം) ചൊവ്വാഴ്ച പുറത്തിറക്കിയ വർക്കിംഗ് പേപ്പർ സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രകടനത്തിലെ കാര്യമായ അസമത്വങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവ രാജ്യത്തിൻ്റെ ജിഡിപിയുടെ പ്രധാന സംഭാവനക്കാരായി ഉയർന്നുവരുന്നതായി വർക്കിങ്ങ് പേപ്പർ വ്യക്തമാക്കുന്നു. ഒരുകാലത്ത് രാജ്യത്തെ പ്രബല സാമ്പത്തിക ശക്തമായിരുന്ന പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളുടെ ജിഡിപി സംഭാവനയിലെ ഇടിവും റിപ്പോർട്ടിൽ വ്യക്തമാണ്.
1991-ൽ അഞ്ച് പ്രധാന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആളോഹരി വരുമാനം ദേശീയ ശരാശരിയേക്കാൾ താഴെയായിരുന്നു. എന്നാൽ മൂന്ന് ദശകത്തിനിപ്പുറം ഈ സംസ്ഥാനങ്ങൾ വലിയ സാമ്പത്തിക കുതിച്ച് ചാട്ടമാണ് നടത്തിയിരിക്കുന്നത്. 2024 മാർച്ചോടെ ഈ സംസ്ഥാനങ്ങളുടെ സാമ്പത്തിക വളർച്ച ഇന്ത്യയുടെ ജിഡിപിയുടെ 30 ശതമാനം വരും. സാങ്കേതിക മേഖലയുടെ വളർച്ച കർണാടകയുടെയും വ്യവസായ കേന്ദ്രങ്ങളുടെ വളർച്ച തമിഴ്‌നാടിൻ്റെയും കുതിപ്പിന് ഗതിവേഗം പകരുന്നതായാണ് റിപ്പോർട്ട്. 2014-ൽ മാത്രം രൂപം കൊണ്ട തെലങ്കാനയും മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രധാന പങ്കുവഹിക്കുന്ന സംസ്ഥാനമായി മാറിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൻ്റെ സാമ്പത്തിക മാന്ദ്യമാണ് ഏറ്റവും ഗൗരവത്തോടെ ചൂണ്ടിക്കാണിക്കപ്പെടേണ്ടത്. 1960-61കാലയളവിൽ ഇന്ത്യൻ ജിഡിപിയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിരുന്നത് പശ്ചിമ ബംഗാളാണ്. 10.5 ശതമാനമായിരുന്നു ബംഗാളിൻ്റെ വിഹിതം. എന്നാൽ ഇപ്പോഴത് 5.6 ശതമാനമായി കൂപ്പ് കുത്തിയിരിക്കുകയാണ്. ഒരുകാലത്ത് ദേശീയ ശരാശരിയുടെ 127.5% ആയിരുന്ന സംസ്ഥാനത്തിൻ്റെ ആളോഹരി വരുമാനം. പിന്നീടത് 83.7% ആയി കുറഞ്ഞു. പരമ്പരാഗതമായി പിന്നാക്കം നിൽക്കുന്ന രാജസ്ഥാൻ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സംഭവിച്ചതിനെക്കാൾ കൂടുതലാണ് ബംഗാളിൻ്റെ ഈ ഇടിവെന്നും റിപ്പോർട്ട് പറയുന്നു. ബംഗാളിന് ആദ്യകാല സാമ്പത്തിക മികവ് നിലനിർത്താൻ കഴിയാത്തതിൽ വിദഗ്ധർ ആശയക്കുഴപ്പത്തിലാണ്. പശ്ചിമ ബംഗാളിലെ വ്യാവസായിക നയങ്ങളിൽ എന്താണ് തെറ്റ് സംഭവിച്ചതെന്ന ചോദ്യമാണ് ഇപ്പോൾ ചർച്ചാ വിഷയമായി മാറുന്നത്.
ഒരുകാലത്ത് ഹരിതവിപ്ലവത്തിൻ്റെ ഗുണഭോക്താവായിരുന്ന പഞ്ചാബും 1991 മുതൽ സാമ്പത്തിക തളർച്ചയാണ് അടയാളപ്പെടുത്തുന്നത്. 1971-ഓടെ ദേശീയ ശരാശരിയുടെ 169 ശതമാനമായി ഉയർന്നിരുന്ന സംസ്ഥാനത്തിൻ്റെ ആളോഹരി വരുമാനം ഇപ്പോൾ 106 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഹരിയാനയുടെ ആളോഹരി വരുമാനം 176.8 ശതമാനമായി കുത്തനെ ഉയർന്നതായാണ് രേഖപ്പെടുത്തുന്നത്. ഒരുകാലത്ത് സാമ്പത്തികമായ പഞ്ചാബിന് പിന്നിലായിരുന്ന ഹരിയാന ഇപ്പോൾ പ്രധാനപ്പെട്ട സാമ്പത്തിക സൂചകങ്ങളിലെല്ലാം പഞ്ചാബിനെ പുറം തള്ളിയിരിക്കുകയാണ്.
മഹാരാഷ്ട്രയാണ് ഇപ്പോഴും ജിഡിപിയിൽ ഒന്നാമത് നിൽക്കുന്നത്. എന്നാൽ സംസ്ഥാനവും സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സമീപ വർഷങ്ങളിൽ മഹാരാഷ്ട്രയുടെ വിഹിതം 15 ശതമാനത്തിൽ നിന്ന് 13.3 ശതമാന ആയി കുറഞ്ഞു. അപ്പോഴും ജിഡിപിയിൽ രാജ്യത്തിന് ഏറ്റവും വലിയ സംഭാവന നൽകുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയുടെ പ്രതിശീർഷ വരുമാനം 2024-ഓടെ ദേശീയ ശരാശരിയുടെ 150.7 ശതമാനമായി വളർന്നിട്ടുണ്ട്. അപ്പോഴും പ്രതിശീർഷ വരുമാനത്തിൻ്റെ കാര്യത്തിൽ സംസ്ഥാനം ആദ്യ അഞ്ചിൽ ഇടം പിടിക്കില്ലെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന.
ദരിദ്ര സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികളും റിപ്പോർട്ട് എടുത്തുകാട്ടുന്നുണ്ട്. 1960-61ൽ ഇന്ത്യൻ ജിഡിപിയുടെ 14 ശതമാനം സംഭാവന ചെയ്തിരുന്ന ഉത്തർപ്രദേശിന്റെ ഇപ്പോഴത്തെ സംഭാവന 9.5 ശതമാനമാണ്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാമത്തെ സംസ്ഥാനമായ ബിഹാറിൻ്റെ ജിഡിപി സംഭാവന 4.3 ശതമാനം മാത്രമാണ്. ഇക്കാലയളവിൽ ദരിദ്ര സംസ്ഥാനമെന്ന് മുദ്രകുത്തപ്പെട്ടിരുന്ന ഒഡീഷ പ്രകടമായ പുരോഗതി കൈവരിച്ചതും ശ്രദ്ധേയമാണ്. സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ബിഹാർ മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണ്.
ഉദാരവൽക്കരണത്തിനു ശേഷം സംസ്ഥാനങ്ങൾ നാടകീയമായി വ്യത്യസ്തമായ സാമ്പത്തിക പാതകൾ സ്വീകരിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉദാരവത്കരണ പരിഷ്‌കാരങ്ങൾ മുതലാക്കി. അതിനാലാണ് അവർക്ക് ദേശീയ വളർച്ചയെ നയിക്കാൻ കഴിയുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രാദേശിക അസമത്വങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനതല സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുന്ന നയങ്ങളെയും ഘടകങ്ങളെയും കുറിച്ച് ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കൂടി റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.