ഓൺലൈൻ ഗെയിമിംഗ് ആപ്പിനെതിരായ അന്വേഷണത്തിലൂടെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയത് ചൈനീസ് പൗരന്മാർ ഉൾപ്പെട്ട 400 കോടി രൂപയുടെ തട്ടിപ്പ്. ഇതിന് പിന്നാലെ ഓൺലൈൻ ഗെയിമിംഗ് ആപ്പായ ഫൈവിനുമായി ലിങ്ക് ചെയ്തിട്ടുള്ള ചില ചൈനീസ് പൗരന്മാരുടെ അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. ഏകദേശം 25 കോടി രൂപയാണ് ഇത്തരത്തിൽ മരവിപ്പിച്ചത്. ചൈനീസ് പൗരന്മാരെ പിന്തുണച്ച നാല് ഇന്ത്യക്കാരെ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ ഇഡി ഉദ്യോഗസ്ഥർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് നടത്തുന്ന ബിനാൻസ് അന്വേഷണത്തിൽ ഇഡിയെ സഹായിച്ചിരുന്നു.
മിനി ഗെയിമുകൾ കളിച്ച് എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള അവസരം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഫൈവിൻ ആപ്പ് ട്രാക്ഷൻ നേടിയതെന്നാണ് ബിനാൻസ് പറയുന്നത്. പുതിയ ഉപയോക്താക്കൾക്ക് അതിവേഗം ഒരു അക്കൗണ്ട് സൃഷ്‌ടിക്കാനും വിവിധ പേയ്‌മെൻ്റ് രീതികൾ വഴി അവരുടെ ഇൻ-ആപ്പ് ബാലൻസ് 'ടോപ്പ് അപ്പ്' ചെയ്യാനുള്ള ഓപ്‌ഷനോടുകൂടി ആപ്പിൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും കഴിഞ്ഞിരുന്നു. ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ ഗണ്യമായ ഫണ്ട് വന്നുകഴിഞ്ഞാൽ പണം പിൻവലിക്കുന്നതിനുള്ള അനുവാദം ആപ്പ് പിൻവലിക്കും. പിന്നീട് ഉപയോക്താക്കൾക്ക് അവരുടെ പണം വീണ്ടെടുക്കാൻ കഴിയാതെ പോകുന്ന നിലയിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
ഈ പദ്ധതിയിലൂടെ 400 കോടി രൂപ ഫൈവിൻ തട്ടിയെടുത്തതായാണ് ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ പണം വിവിധ ക്രിപ്‌റ്റോകറൻസി അക്കൌണ്ടുകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും പിന്നീട് തിരികെയെത്തുകയും ചെയ്തതായി ബിനാൻസ് പറയുന്നു.
ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷൻ വഴി കൂടുതൽ ആളുകൾ വഞ്ചിതരായതോടെ ലോക്കൽ പോലീസിന് പരാതികൾ ലഭിക്കാൻ തുടങ്ങി. ഇത്തരം പരാതികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങളിലും കള്ളപ്പണം വെളുപ്പിക്കൽ കേസുകളും അന്വേഷിക്കുന്ന ഇഡി കേസന്വേഷണം ഏറ്റെടുത്തത്. ഈ അന്വേഷണത്തിലാണ് ഇന്ത്യയിലെ ചില ബന്ധങ്ങളുടെ സഹായത്തോടെ ചൈനീസ് പൗരന്മാർ തട്ടിപ്പ് നടത്തുന്നതായി ഇഡി കണ്ടെത്തിയത്.
ഗെയിമുകളിൽ നിന്ന് ശേഖരിക്കുന്ന പണം റീചാർജ് പേഴ്സൺസ് എന്ന പേരിൽ ചിലരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് അന്വേഷണത്തിൽ ഇഡി കണ്ടെത്തി. ആപ്പ് ഉടമകളിൽ നിന്നുള്ള ചില കമ്മീഷനുകൾക്ക് പകരമായി ഈ ആളുകൾ അവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ അവരെ അനുവദിക്കുകയായിരുന്നു. ഈ തുക പിന്നീട് ക്രിപ്‌റ്റോകറൻസിയായി പരിവർത്തനം ചെയ്യുകയും ചൈനീസ് പൗരന്മാരുടെ ക്രിപ്‌റ്റോ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്‌തതായാണ് ED കണ്ടെത്തിയിരിക്കുന്നത്.
ഒഡീഷയിലെ റൂർക്കലയിൽ നിന്നുള്ള അരുൺ സാഹുവും അലോക് സാഹുവും ഇത്തരത്തിലുള്ള 'റീചാർജ് പേഴ്സൺസ്' ആണെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഓൺലൈൻ ഗെയിമർമാരിൽ നിന്ന് ശേഖരിക്കുന്ന പണം ഇവരുടെ അക്കൗണ്ടിലേക്ക് വരും. ഈ പണം പിന്നീട് ക്രിപ്‌റ്റോകറൻസിയാക്കി ചൈനീസ് പൗരന്മാരുടെ ഓൺലൈൻ വാലറ്റുകളിലേക്ക് നിക്ഷേപിച്ചിരുന്നെന്നും ഇഡി കണ്ടെത്തി. അറസ്റ്റിലായ മറ്റൊരു പ്രതിയായ ചേതൻ പ്രകാശ് 'റീചാർജ് പേഴ്സൺസിൻ്റെ' അക്കൗണ്ടിലെ പണം ക്രിപ്‌റ്റോകറൻസിയിലേക്ക് മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
ചെന്നൈയിൽ നിന്നുള്ള സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ജോസഫ് സ്റ്റാലിനും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ഗാൻസു പ്രവിശ്യയിലെ ചൈനീസ് പൗരനായ പൈ പെൻഗ്യുണിനെ തൻ്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയിൽ സഹ ഡയറക്ടറാകാൻ സ്റ്റാലിൻ സഹായിച്ചതായാണ് ആരോപണം. ആപ്പുമായി ബന്ധപ്പെട്ട ബൾക്ക് പേഔട്ട് സേവനങ്ങൾക്കായി പെൻഗ്യുൺ സ്റ്റാലിൻ്റെ കമ്പനിയായ സ്റ്റുഡിയോ 21ൻ്റെ അക്കൗണ്ട് ഉപയോഗിച്ചതായും ഇഡി കണ്ടെത്തി.
ഫൈവിൻ ആപ്പ് ഉപയോഗിച്ച് ഏകദേശം 400 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. ചൈനീസ് പൗരന്മാരുടെ എട്ട് ബിനാൻസ് വാലറ്റുകളിലായാണ് ഈ തുക ക്രിപ്‌റ്റോകറൻസി രൂപത്തിൽ നിക്ഷേപിച്ചത്. ഇവർ ഇന്ത്യക്കാരായ അരുൺ സാഹു, അലോക് സാഹു, ചേതൻ പ്രകാശ്, ജോസഫ് സ്റ്റാലിൻ എന്നീ പ്രതികളുമായി ടെലിഗ്രാം പ്ലാറ്റ്‌ഫോം വഴി ആശയവിനിമയം നടത്തിയതായും ഇഡി കണ്ടെത്തി.
അന്വേഷണം ഇപ്പോഴും തുടരുന്നതിനാൽ തട്ടിപ്പ് പദ്ധതിക്ക് പിന്നിലെ ക്രിമിനൽ ശൃംഖലയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇഡിയും ബിനാൻസും ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നാണ് ബിനാൻസ് വ്യക്തമാക്കുന്നത്. ഫൈവിൻ ആപ്പിൻ്റെ വഞ്ചനാപരമായ പ്രവർത്തനങ്ങളുടെ മുഴുവൻ വ്യാപ്തിയും തുറന്നുകാട്ടാനും തട്ടിപ്പിൽ ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിയാനും സംയുക്ത ശ്രമങ്ങൾ ലക്ഷ്യമിടുന്നതായി ബിനാൻസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.