
ന്യൂഡല്‍ഹി: യുപിഐ വഴിയുള്ള പ്രതിദിന ശരാശരി ഇടപാടുകളുടെ എണ്ണത്തില്‍ എട്ടുമടങ്ങ് വര്‍ധനവുണ്ടായതായി റിപ്പോർട്ട്. 2020 സെപ്റ്റംബറില്‍ ആറു കോടിയായിരുന്നു പ്രതിദിന ശരാശരി ഇടപാടുകള്‍ നാലുവര്‍ഷത്തിനിപ്പുറം 2024 സെപ്റ്റംബര്‍ മാസമാകുമ്പോള്‍ 50 കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ മാത്രം 1504 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്.
ഇക്കാലയളവില്‍ 20.64 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകള്‍ നടന്നതായി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് നോക്കിയാലും വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 42 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2023 സെപ്റ്റംബർ മാസത്തില്‍ 1055 കോടി ഇടപാടുകളാണ് നടന്നത്.
പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ച ബാങ്കുകളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നുണ്ട്. 2024 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 608 ബാങ്കുകള്‍ യുപിഐ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. 2020ല്‍ ഇത് 174 മാത്രമായിരുന്നു.