മധ്യേഷ്യയിലെ സംഘർഷം ചതിച്ചു; ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാനുള്ള ആലോചനകൾക്ക് തിരിച്ചടി?

നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും ഉത്സവ സീസണിനും മുന്നോടിയായി ഇന്ധന വില കുറയ്ക്കാൻ എണ്ണ വിപണന കമ്പനികൾ (ഒഎംസി) ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

dot image

മധ്യേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധന ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാനുള്ള ആലോചനകൾക്ക് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും ഉത്സവ സീസണിനും മുന്നോടിയായി ഇന്ധന വില കുറയ്ക്കാൻ എണ്ണ വിപണന കമ്പനികൾ (ഒഎംസി) ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ ആഴ്ചയിൽ മാത്രം ക്രൂഡ് ഓയിൽ വിലയിൽ അഞ്ച് ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായത്. ഇത്തരം സാഹചര്യം സമീപഭാവിയിൽ ഇന്ധനവില കുറയ്ക്കാനുള്ള നീക്കത്തിന് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്നും ആഗോള വിതരണ സാഹചര്യം മാറുന്നതിനാൽ, ഇപ്പോൾ വില കുറയ്ക്കാനുള്ള ശരിയായ സമയമായിരിക്കില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മധ്യേഷ്യയിലെ സംഘർഷം ബ്രെൻ്റ് ക്രൂഡ് ഓയിലിൻ്റെ വിലയിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം ബ്രെൻ്റ് ക്രൂഡ് വില മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ക്രൂഡ് ഓയിൽ വില കുറഞ്ഞിരുന്ന ഈ പശ്ചാത്തലത്തിലായിരുന്നു രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ ആലോചന നടക്കുന്നതായി റിപ്പോർട്ടുകൾ വന്നത്. നിലവിലെ സാഹചര്യം പ്രധാനമന്ത്രിയുടെ ഓഫീസിനൊപ്പം പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും ധനമന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രയേലിനെ ഇറാൻ ആക്രമിച്ചതിന് പിന്നാലെയാണ് മധ്യേഷ്യയിലെ സാഹചര്യങ്ങൾ കൂടുതൽ സ്ഫോടനാത്മകമായി മാറിയത്. ഇതിന് പിന്നാലെയായിരുന്നു അസംസ്കൃത എണ്ണയുടെ വില ബാരലിന് ഏഴ് ഡോളറോളം വർദ്ധിക്കുന്ന സാഹചര്യം ഉണ്ടായത്. ഈ ആഴ്ച എണ്ണവില അഞ്ച് ശതമാനത്തിലധികം ഉയർന്നിരുന്നു. ബ്രെൻ്റ് ക്രൂഡ് ഓയിലിൻ്റെ വില ബാരലിന് 75 ഡോളറിനടുത്തെത്തി. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വിതരണം തടസ്സപ്പെടുമോയെന്നതിൽ വ്യാപാരികൾ ആശങ്കയിലാണ്. നിലവിലെ സംഘർഷം ഇറാൻ്റെ എണ്ണ വിതരണത്തെ സാരമായി ബാധിച്ചാൽ ബാരലിന് 20 ഡോളർ വില കൂടുമെന്നാണ് ഗോൾഡ്മാൻ സാച്ച്സിൻ്റെ പ്രവചനം. ഇറാൻ്റെ എണ്ണ ഉദ്പാദനകേന്ദ്രങ്ങൾക്ക് നേരെ വലിയ തോതിലുള്ള ആക്രമണം ഉണ്ടായാൽ ആഗോള വിതരണം പ്രതിദിനം 1.5 ദശലക്ഷം ബാരൽ കുറയുമെന്ന് സിറ്റി ഗ്രൂപ്പ് ഇൻകോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ ഇന്ത്യൻ ഇന്ധനകമ്പനികളുടെ ഓഹരികൾ ക്രൂഡ് ഓയിൽ വില വർധിച്ചതിനെ തുടർന്ന് ഇടിഞ്ഞിട്ടുണ്ട്.

Content Highlights: Fuel price cut unlikely as Middle East tensions drive crude oil surge

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us