സെപ്റ്റംബർ വിലക്കയറ്റത്തിന്റെ മാസം? കണക്ക് വരുമ്പോൾ മുൻമാസങ്ങളെ കടത്തിവെട്ടുമെന്ന് നിഗമനം

വിലക്കയറ്റം ഉണ്ടായേക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസും നേരത്തെ സൂചന നൽകിയിരുന്നു

dot image

ഉപഭോക്തൃ വിലസൂചിക പ്രകാരമായുള്ള വിലക്കയറ്റം സെപ്റ്റംബറിൽ വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് മാസവും വിലക്കയറ്റം ആർബിഐയുടെ കൈപ്പിടിയിലൊതുങ്ങിയിരുന്നു. എന്നാൽ സെപ്തംബർ ഈ പരിധികളെയെല്ലാം മറികടന്നേക്കുമെന്നാണ് നിഗമനം.

5.1 ശതമാനമായി സെപ്റ്റംബറിലെ വിലക്കയറ്റം വർധിക്കുമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഓഗസ്റ്റിൽ 3.65% ആയും ജൂലൈയിൽ 3.54% ആയും താഴ്ന്ന ശേഷമാണ് സെപ്റ്റംബറിൽ വലിയ വർധനവിലേയ്ക്ക് പോകുമെന്ന വിലയിരുത്തൽ വരുന്നത്. ആർബിഐ നിശ്ചയിച്ചിരിക്കുന്ന 4 ശതമാനം ടാർഗറ്റിൽനിന്ന് പൊടുന്നനെ ഉണ്ടായേക്കാവുന്ന ഈ വർദ്ധനവിനെ ആശങ്കയോടെയാണ് ഇന്ത്യൻ സാമ്പത്തികവിദഗ്ധരും കാണുന്നത്.

നേരത്തെ വിലക്കയറ്റം ഉണ്ടായേക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസും സൂചന നൽകിയിരുന്നു. ഭക്ഷ്യവസ്തുക്കളിൽ ഉണ്ടായ വിലവർധനവും വിവിധ പച്ചക്കറികളുടെ ഉത്പാദനക്കുറവുമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് നിഗമനം. ഓഗസ്റ്റിൽ രാജ്യത്ത് സവാളയുടെ വില ഉയർന്നുനിന്നിരുന്നു. ഇതും ഒരു കാരണമാകാമെന്ന് നിരീക്ഷണമുണ്ട്.

അതേസമയം, പണപ്പെരുപ്പം ഉയർന്നേക്കുമെന്ന സൂചന മുന്നിൽകണ്ട് ആർബിഐ റിപ്പോ നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഒക്ടോബർ ഒമ്പതിന് ചേർന്ന പണനായ സമിതി യോഗമാണ് നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന തീരുമാനമെടുത്തത്. ഉപഭോക്തൃ വിലസൂചിക അനുസരിച്ചുള്ള ഓഗസ്റ്റിലെ പണപ്പെരുപ്പം നിയന്ത്രണത്തിലാണെങ്കിലും ഭക്ഷ്യവിലപ്പെരുപ്പം 5 ശതമാനത്തിന് മുകളിൽ തുടരുകയായിരുന്നു. സെപ്റ്റംബറിൽ ഇവ പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്ന് ആർബിഐ നേരത്തെ കണ്ടെത്തിയിരുന്നു.

2023 ഫെബ്രുവരിയിൽ ആർബിഐ നിശ്ചയിച്ച റിപ്പോ നിരക്കാണ് ഇപ്പോഴും തുടരുന്നത്. അന്ന് 6.25% ആയിരുന്ന നിരക്ക് പിന്നീട് 6.50% ശതമാനമായി ആർബിഐ ഉയർത്തി. നേരത്തെ നാല് വർഷത്തിന് ശേഷം യുഎസ് ഫെഡറൽ റിസർവ് തങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം കുറച്ചതോടെ ആർബിഐയും നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പണപ്പെരുപ്പ ഭീഷണി നിലനിൽക്കെ അത്തരമൊരു 'കടന്ന കൈ' വേണ്ടെന്ന ഒരു നിലപാടിലേക്കാണ് ആർബിഐ എത്തിയത്.

Content Highlights: inflation to surge at september

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us